ധനവും പ്രശസ്തിയും നേടുന്നതിനപ്പുറം ജീവിതത്തില്‍ മറ്റ് പല കാര്യങ്ങളും പ്രധാനമാണെന്ന് യു.എസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സമൂഹത്തെ സേവിക്കുക, നമുക്കിഷ്ടമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുക തുടങ്ങിയവ ഒരിക്കലും നമ്മള് ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗ്നേയഗ്രന്ഥിയുടെ അസുഖം ഭേദമാവാന്‍ വേണ്ടി യു.എസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
“എനിക്ക് വളരെയധികം രാഷ്ട്രീയ ബഹുമാനം ജീവിതത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതേസമയം എന്റെ ജോലി ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് സമയം ലഭിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഈ ശയ്യയില്‍ കിടക്കുന്ന അവസ്ഥയില്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ്. മരണത്തെ മുന്നില്‍ കാണുമ്പോള്‍ എന്റെ ധനവും, പ്രശസ്തിയും, ഞാനെന്ന ഭാവവും എല്ലാം അര്‍ത്ഥശൂന്യമായി തോന്നുകയാണ്. മരണം എന്റെയടുത്തേക്ക് വരുമ്പോള്‍ ഞാന്‍ കാണുന്നത് ജീവന് രക്ഷിക്കാനുപയോഗിക്കുന്ന ആശുപത്രി യന്ത്രങ്ങളാണ്. രാഷ്ട്രീയത്തില്‍ ഞാന്‍ നേടിയ വിജയത്തെ എനിക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ല. നമുക്ക് പരിചാരകരുണ്ടായെക്കാം, ഡ്രൈവര്മാരുണ്ടായേക്കാം, നമുക്ക് വേണ്ടി ജോലി ചെയ്യുന്ന ജോലിക്കാരുണ്ടായേക്കാം. എന്നാല്‍ നമ്മുടെ രോഗത്തെ നമുക്ക് ആര്‍ക്കും വീതിച്ച് നല്‍കാനാകില്ല. സമയമൊഴിച്ച് നഷ്ടപ്പെട്ട് പോകുന്ന എന്തും നമുക്ക് വീണ്ടെടുക്കാം.
ജീവിതത്തില്‍ വിജയം തേടിയുള്ള യാത്രയില്‍ അതിന്റെ അന്ത്യം കാണാനാകുന്ന ഒരു സമയം എത്തുമെന്ന് നമ്മള് മനസ്സിലാക്കണം. അത് കൊണ്ട് ആദ്യം നമ്മള് നമ്മളെത്തന്നെ പരിപാലിച്ച് പിന്നീട് നമുക്ക് ചുറ്റുമുള്ളവരെ പരിപാലിക്കുക. ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടി കരഞ്ഞുകൊണ്ടായിരിക്കും ജനിക്കുന്നത്. അതേസമയം ആ കുട്ടി മരിക്കുമ്പോള്‍ മറ്റുള്ളവരായിരിക്കും കരയുക. ഓരോ ദിനവും അവസാനിക്കുന്നതിന് മുമ്പ് നാം സന്തോഷവും ചിരിയും കണ്ടെത്തണം.”-മനോഹര്‍ പരീക്കര്‍ പറഞ്ഞു.
Discussion about this post