പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രതിരോധ വകുപ്പിലെ നേവി1 ഡയറക്ടര്‍ നവീന്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം പ്രതിരോധ മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.
പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയത് സുപ്രിംകോടതി ശരിവച്ചിരുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കുവേണ്ടി അപേക്ഷ നല്‍കിയിരുന്ന കെ.ജി.എസ്. ഗ്രൂപ്പിന് ഹരിത ട്രിബ്യൂണലിലും സുപ്രിംകോടതിയിലും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടായിരുന്നുവെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്.
ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഡയറക്ടര്‍ അയച്ചുനല്‍കി. മൂന്ന് അനുമതികളാണ് വിമാനത്താവള പദ്ധതിക്ക് വേണ്ടത്. പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍.ഒ.സി., കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി എന്നിവയാണവ. പാരിസ്ഥിതിക അനുമതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയത്, പ്രദേശത്ത് പഠനം നടത്തിയത് യോഗ്യത ഇല്ലാത്ത ഏജന്‍സിയാണെന്ന കണ്ടെത്തലിലാണ്. ഇത് പിന്നീട് സുപ്രിംകോടതിയും ശരിവച്ചു. പുതിയ ഏജന്‍സിയെക്കൊണ്ട് പഠനം നടത്താന്‍ കെ.ജി.എസ്. കമ്പനി നല്‍കിയ അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന്റെ അപ്രൈസല്‍ കമ്മിറ്റി അനുവദിച്ചത് ഏതാനും ദിവസം മുമ്പാണ്. ആര്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കുമ്മനം രാജശേഖരന്‍ ആറന്മുളയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post