തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മാണിക്യക്കല്ലിന്റെ പകുതി 500 കോടി രൂപയ്ക്ക് ജനീവയില്‍ വില്പന നടത്തിയതായി ക്ഷേത്രത്തിലെ മുന്‍ മുഖ്യകാര്‍മികനായ എ.വി. രമണ ദീക്ഷിതുലു. കഴിഞ്ഞയിടയ്ക്കാണ് ജനീവയില്‍ പിങ്ക് ഡയമണ്ട് 500 കോടി രൂപയ്ക്ക് ലേലം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പത്രകട്ടിങുകള് കാണിച്ചാണ് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍.
ക്ഷേത്രത്തില്‍ നിന്ന് കാണാതായ ആഭരണങ്ങളെകുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് നേരത്തെ തന്നെ ദീക്ഷിതുലു ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇതോടെ വിവാദം കൂടുതല്‍ പിടിമുറുകികുകയാണ്. ആന്ധ്രപ്രദേശിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള ക്ഷേത്രമാണ് തിരുപ്പതി. ശതകോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും ഇപ്പോള്‍ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലാണ് സൂക്ഷിച്ചു വരുന്നത്. എന്നാല്‍ പുതിയ ചുമതലക്കാര്‍ രത്നങ്ങള്‍ ഓരോന്നായി കൊള്ളയിക്കുകയും അത് വില്‍പ്പന നടത്തുകയും ചെയ്യുകയാണെന്ന്് മുന്കാര്മികന് ദീക്ഷിതുലു വ്യക്തമാക്കുന്നു.
അതേസമയം അഗമ ശാസ്ത്രം അനുവദിക്കുകയാണെങ്കില്‍ തിരുപ്പതിയിലെ ആഭരണങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാമെന്ന് ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫീസര്‍ അനില്‍കുമാര്‍ സിംഗല്‍ അറിയിച്ചു. 1945 ല്‍ മൈസൂരു രാജാവ് സംഭാവന ചെയ്തതാണ് മാണിക്യക്കല്ല്. എന്നാല്‍ ആ കല്ല് 2001ലെ ബ്രഹ്മോത്സവ ഗരുഡപൂജയ്ക്കിടെ പൊട്ടിയിരുന്നു. തുടര്‍ന്ന് ഇത് റവന്യൂ വകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ജഗന്നാഥറാവു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post