ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മി ആണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു രേഷ്മി.
ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ഷാൾ ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും വലിച്ചെറിഞ്ഞ നിലയില്‍ പണവും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം രേഷ്മിയുടെ അമ്മ മരിച്ചിരുന്നു. അന്ന് മുതൽ കടുത്ത വിഷാദത്തിലായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു രേഷ്മി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post