ഡല്‍ഹി; സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും കേന്ദ്രം നിരീക്ഷിക്കും. ഇതിനായി രാജ്യത്തെ 716 ജില്ലകളിലും നിരീക്ഷകരെ നിയമിക്കാനൊരുങ്ങുകയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിലക്കിയതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. പദ്ധതിക്കായി മന്ത്രാലയം 20 കോടി രൂപ അനുവദിച്ചതായാണ് സൂചന.
‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബ്’ രൂപവത്കരിച്ചാണ് സാമൂഹിക മാധ്യമങ്ങളിലെ ചെറുചലനം പോലും അപ്പപ്പോള്‍ അറിയാന്‍ ലക്ഷ്യമിടുന്നത്. വെബ്സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ വായിക്കുകയും സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ അവയെ വ്യാഖ്യാനിച്ച് ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് നിരീക്ഷകരുടെ ചുമതല. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും ഇംഗ്ലീഷിലെയും ഉള്ളടക്കങ്ങള്‍ ഇതിലുള്‍പ്പെടും.
വ്യക്തികളുടെ താത്പര്യങ്ങളും നിലപാടുകളും അഭിപ്രായങ്ങളും പരിശോധിക്കും. അഭിപ്രായ സ്വാധീനത്തിനു കെല്‍പ്പുള്ളവരെ പിന്തുടരുന്നവരുടെ എണ്ണം, അവരുടെ പൊതുസ്വഭാവം എന്നിവ തിരിച്ചറിയാനും ഇതുപയോഗിക്കും. മന്ത്രാലയത്തിന്റെ നിലപാടുമായി താരതമ്യപ്പെടുത്തി ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ ‘അനുകൂലം, പ്രതികൂലം, നിഷ്പക്ഷം’ എന്നിങ്ങനെ വേര്‍തിരിക്കും.
മന്ത്രാലയത്തിന്റെ എന്‍ജിനീയറിങ് വിഭാഗമായ ബി.ഇ.സി.ഐ.എല്‍. ആണ് പദ്ധതി നടപ്പാക്കുക. മീഡിയ ഹബ് സംഘങ്ങളെ വിവരശേഖരണത്തിനായി ചുമതലപ്പെടുത്തുകയാണ് ബി.ഇ.സി.ഐ.എല്‍. ചെയ്യുക. പ്രാദേശിക മാധ്യമങ്ങള്‍, പ്രാദേശിക പരിപാടികള്‍, പത്രങ്ങളുടെ പ്രാദേശിക എഡിഷനുകള്‍, ചാനലുകള്‍, എഫ്.എം. സ്റ്റേഷനുകള്‍, സാമൂഹികമാധ്യമങ്ങളിലെ പ്രമുഖ പ്രൊഫൈലുകള്‍ എന്നിവ സ്ഥിരമായി നിരീക്ഷിച്ചാണ് വിവരശേഖരണം. വ്യാജ വാര്‍ത്തകളും തെറ്റായ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതും നിരീക്ഷിക്കും.
വിവിധ പരിപാടികള്‍ വിലയിരുത്തി ദിവസംതോറും കുറഞ്ഞത് ആറു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വാര്‍ത്താവിതരണ മന്ത്രാലയത്തിന് അയക്കണം. നിലവില്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനുകീഴില്‍ സാമൂഹിക മാധ്യമ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ വാര്‍ത്തകളും മറ്റും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് സെല്ലിന്റെ ചുമതല.
Discussion about this post