ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നൗഷേരയില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവ് സിആര്‍പിഎഫ് വാഹനത്തിനടയില്‍ പെട്ട് മരിച്ചു. ഇന്നലെയാണ് വീണ്ടും പ്രതിഷേധക്കാരുടെ ശക്തമായ കല്ലേറാക്രമണം സൈന്യത്തിന് നേരെ ഉണ്ടായത്.. കല്ലേറിനിടെ നിയന്ത്രണംവിട്ട സിആര്‍പിഎഫ് വാഹനം പ്രതിഷേധക്കാര്‍ക്കുനേരെ ഇടിച്ചുകയറുകയായിരുന്നു. കല്ലേറ് സംഘത്തിലുണ്ടായിരുന്ന യുവാവ് കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മേഖലയില്‍ സൈന്യത്തിനു നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ ഉണ്ടായത്. കാശ്്മീരിലെ സ്ഥിതി ഗതികള്‍ ശാന്തമാകുന്നതിനായി വിവിധ വിഘടനവാദി നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.
റംസാന് പ്രമാണിച്ച് ജമ്മു കാഷ്മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നു രാജ്നാഥ് സിംഗ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ വ്രതത്തിനിടയിലും വെള്ളിയാഴ്ച ജുമഅ നിസ്ക്കാരത്തിന് ശേഷം ചിലര്‍ സൈന്യത്തെ അക്രമിക്കുകയായിരുന്നു.
ജനക്കൂട്ടം സിആര്‍പിഎഫ് വാഹനത്തിന് നേരെ അക്രമം നടത്താന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് സിആര്‍പിഎഫ് വക്താവ് പറഞ്ഞു. ‘വാഹനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് ഉണ്ടായിരുന്നത്. കൂടെ നാല് ജവാന്മാരും ഡ്രൈവറും ഉണ്ടായിരുന്നു. നൂറുകണക്കിന് യുവാക്കളാണ് ഈ സമയം വാഹനം അക്രമിച്ചത്. അവിടെ നിന്നും വാഹനം ഓടിച്ച് പോകാനാണ് സിആര്‍പിഎഫ് സംഘം ശ്രമിച്ചത്. ഇല്ലെങ്കില്‍ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുമായിരുന്നു’, സിആര്‍പിഎഫ് വ്യക്തമാക്കി.
Discussion about this post