തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ ഇടത് പക്ഷത്തിനു പിറകിൽ മൂന്നാമത് എത്തിയതുമായി ബന്ധപ്പെട്ട് കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയായി. അധികം വൈകാതെ അന്വേഷണ റിപ്പോർട്ട് നൽകും . കെ.സി.ജോസഫ്, ടി.സിദ്ദിക്ക് എം.എൽ.എ, ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതി രണ്ടു തവണയായാണ് തെളിവെടുപ്പ് നടത്തിയത്. സീനിയർ നേതാക്കൾ, ഡി.സി.സി ഭാരവാഹികൾ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുത്തതായാണ് വിവരം. ഞെട്ടിക്കുന്ന പല വിവരങ്ങളും ഇവർ പുറത്തു വിട്ടതായാണ് അറിയാൻ കഴിയുന്നത്.
ടി.എൻ.പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ എന്നിവർക്കെതിരെ സീനിയർ നേതാക്കൾ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയെന്നാണ് വിവരം. ഇവർക്കെതിരെ പോസ്റ്ററും ഊമക്കത്തും പ്രചരിച്ചിരുന്നു. മുരളീധരന്റെ തോൽവിക്ക് കാരണം ഇവരെന്നാണ് ആരോപണം. തൃശൂരിൽ തീരദേശത്തെ ചില വിഭാഗങ്ങളെ മുരളീധരനെതിരെ തിരിച്ചുവിട്ടെന്നും ആക്ഷേപമുണ്ട്.
തൃശൂരിൽ സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചതിനെ തുടർന്ന് ചുവരെഴുത്ത് വരെ ടി എൻ പ്രതാപൻ നടത്തിയിരുന്നു. എന്നാൽ പെട്ടെന്നുള്ള സംഭവ വികാസങ്ങളുടെ തുടർച്ചയായാണ് വടകരയിൽ നിന്നും കെ മുരളീധരനെ തൃശൂരെക്ക് മാറ്റുന്നത്. പദ്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ടതുമായി ബന്ധപ്പെട്ടാണ് കെ മുരളീധരൻ തൃശൂരേക്ക് വന്നത്. ഇതിനെ തുടർന്ന് ടി എൻ പ്രതാപനും മറ്റുള്ളവരും മുരളീധരന് വോട്ട് ലഭിക്കാതിരിക്കാൻ പ്രവൃത്തിച്ചു എന്നത് പരസ്യമായ രഹസ്യമാണ്.
അതേസമയം പ്രതാപനെതിരെയുള്ള വിമർശനങ്ങൾക്ക് തടയിടാൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. റിപ്പോർട്ട് പുറത്ത് വരുന്നതിനു മുമ്പ് തന്നെ പ്രതാപനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് അവർ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത് മുരളീധരനെതിരെ പ്രവർത്തിച്ചതാരാണ് എന്നതിന്റെ തുറന്നു പറച്ചിലായി.
Discussion about this post