വാഷിങ്ടണ്‍: ഗാന്ധിജിയുടെ പേരില്‍ അമേരിക്കന്‍ കമ്പനി ബിയര്‍ ബ്രാന്‍ഡ് പുറത്തിറക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹൈദരാബാദില്‍ കമ്പനിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഹര്‍ജിയും സമര്‍പ്പിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ ബിയര്ക്കമ്പനി മാപ്പ് പറഞ്ഞ് രംഗത്തെത്തി.
ഗാന്ധിജിയെ അപമാനിക്കാന്‍ വേണ്ടിയല്ല പേരും ചിത്രവും ഉപയോഗിച്ചതെന്ന് അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് ബ്ര്യൂവിങ് കമ്പനി വിശദീകരണം നല്കി. ഗാന്ധി ബോട്ട് എന്ന പേരില്‍ പുറത്തിറക്കിയ ബിയര്‍ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.
ഗാന്ധിജിയുടെ പേര് നല്‍കിയത് അദ്ദേഹത്തിന്റെ അഹിംസാവാദവും മറ്റും എന്നു എന്നും ഓര്‍മിക്കപ്പെടേണ്ടതുണ്ട് എന്നതു കൊണ്ടാണെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. ഗാന്ധിജിയുടെ കൊച്ചുമക്കളെ കാണിച്ച് അനുവാദം വാങ്ങിയിട്ടാണത്രെ ബിയറിന് പേരിട്ടതും ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതും. ഗാന്ധിയുടെ കൊച്ചുമക്കള്‍ തങ്ങളെ അഭിനന്ദിച്ചു എന്നും ബിയര്‍ കമ്പനി അവകാശപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ കൊച്ചുമക്കള്‍ അനുമതി നല്കി തുടങ്ങിയ വിശദീകരണവും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വിഷയത്തില്‍ ഹൈദരാബാദ് സ്വദേശിയായ ജനാര്‍ദ്ദന്‍ ഗൗഡ് സമര്‍പ്പിച്ച ഹര്‍ജി ഹൈദരാബാദ് നാമ്പള്ളി കോടതിയുടെ പരിഗണനയിലാണ്.
ബിയറിന് ഗാന്ധിജിയുടെ പേര് നല്‍കിയത് അദ്ദേഹത്തെ സ്മരിക്കാനെന്ന് അമേരിക്കന്‍ കമ്പനി
Discussion about this post