
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരനേട്ടത്തിനായ് സിപിഎമ്മുമായി സഖ്യം വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സഖ്യം മാത്രം പോര സിപിഎമ്മിനോട് ഒരുമിച്ച് പൊതുഓഫീസുകളും സ്ഥാപിക്കണമെന്നും തൃണമൂല്‍, ബിജെപി വിരുദ്ധ കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കണമെന്നുമാണ് പുതിയ തീരുമാനം. ആവശ്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സിപിഎമ്മിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനായി 21 ഇന നിര്‍ദേശങ്ങളാണ് പാര്‍ട്ടി മുന്നോട്ടു വച്ചിട്ടുണ്ട്. കൊല്‍ക്കത്ത, അസന്‍സോള്‍, ബെഹ്റാംപുര്‍, സിലിഗുരി എന്നിവിടങ്ങളില്‍ ഒരുമിച്ച് കേന്ദ്രീകൃത ഓഫീസുകള്‍ ആരംഭിക്കാനും വെബ്സൈറ്റുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ മുന്നണി സംവിധാനത്തിന്റെ പ്രചാരണത്തിനായി ഒരുക്കാനുമാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ജില്ലാ നേതാക്കളുടെയും യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു
50,000 വോളണ്ടിയര്‍മാരെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനായി കണ്ടെത്തണം. 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സഖ്യം എന്നതിലുപരി, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് അധികാരത്തിലെത്താനുള്ള പദ്ധതികളാണ് മുന്നണി സംവിധാനത്തില്‍ ആവിഷ്‌കരിക്കേണ്ടതെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post