മോഹന്‍ലാല്‍ പ്രസിഡണ്ടായ ശേഷമുള്ള ആദ്യ യോഗത്തില്‍ തന്നെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നില്‍ കളിച്ചത് ഗണേഷ് കുമാറും, മുകേഷും ഉള്‍പ്പെടുന്ന സംഘമെന്ന് റിപ്പോര്‍ട്ടുകള്‍. അജണ്ടയില്‍ ഇല്ലായിരുന്ന വിഷയം ഊര്‍മ്മിള ഉണ്ണിയെ കൊണ്ട് അവതരിപ്പിക്കുകയും എതിര്‍പ്പില്ലാതെ മിനിറ്റുകള്‍ക്കുള്ളില്‍ പസാക്കിയെടുക്കുകയുമായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച പ്രധാനപ്പെട്ട കാര്യം മുന്‍ ചര്‍ച്ചകളില്ലാതെ ഒരു ലോബി ഇടപെട്ട് പാസാക്കിയെടുക്കുകയായിരുന്നു. വിഷയത്തില്‍ ദിലീപും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന.
അപ്രതീക്ഷിതമായി വിഷയം യോഗത്തിന് മുന്നില്‍ വന്നതോടെ എതിര്‍ക്കാന്‍ പലര്‍ക്കും കഴിയാതെ പോയി. സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാം എന്ന നിലപാടിലാണ് മോഹന്‍ലാലും എത്തിയത്. പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മുന്‍കൂട്ടി നിശ്ചയിക്കാത്ത കാര്യമായതിനാല്‍ പെട്ടെന്ന് ഇടപെടാന്‍ കഴിഞ്ഞില്ല. പരസ്യമായി ദിലീപിനെ തിരിച്ചെടുക്കുന്നതിനെ എതിര്‍ത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയായിരുന്നു പലര്‍ക്കും. കൂട്ടായ ഒരു ചര്‍ച്ചയ്ക്ക് പോലും അവസരം ഒരുങ്ങാതിരുന്നതോടെ സംഗതി ചിലര്‍ ഉദ്ദേശിച്ച പോലെ നടന്നു.
അമ്മ ചുമതലേറ്റയുടന്‍ നടന്ന കളിയില്‍ മോഹന്‍ലാലും അസംതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ തെരഞ്ഞ് പിടിച്ച് ചില രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം നടത്തിയതും, ഇടത് എംഎല്‍എമാരായ ഗണേഷ് കുമാറും, മുകേഷും, മുന്‍ പ്രസിഡണ്ട് ഇന്നസെന്റ് എംപിയും മൗനം പാലിക്കുന്നതും ഒരു വിഭാഗത്തെ ചൊടിപ്പിട്ടുണ്ട്.
മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. മോഹന്‍ലാലിനെ ഇരുട്ടത്ത് ഇരുത്തി ചിലര്‍ പ്ലാന്‍ ചെയ്ത ഒരു പദ്ധതിയാണ് ദിലീപിനെ തിരിച്ചെടുക്കലെന്ന് തോന്നുന്നുവെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.
”തീരുമാനം വിവാദത്തിലേക്ക് പോകുമെന്ന് ചിന്തിക്കാന്‍ മോഹന്‍ലാലിന് അവസരം നല്‍കാതെ ചിലര്‍ കാര്യങ്ങള്‍ നടപ്പാക്കിയെടുത്തു എന്ന് വേണം കരുതാന്‍. ഇചതുപക്ഷ എംഎല്‍എമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇതിനകത്ത് ഉണ്ട്. അവര് പെട്ടെന്ന് ഊര്‍മ്മിള ഉണ്ണി എന്ന് പറയുന്ന നടിയെ കൊണ്ട് ഒരു ചോദ്യം ചോദിപ്പിക്കുകയും, ഒരു മിനിറ്റ് കൊണ്ട് എല്ലാം സാധിപ്പിച്ചെടുക്കയും ചെയ്തതാണ്. എക്‌സിക്യൂട്ടിവ് കമ്മറ്റി ചര്‍ച്ച ചെയ്യാതെ വിട്ട വിഷയമായിരുന്നു ഇതെന്ന് ചിലര്‍ എന്നോടു പറഞ്ഞു. പ്ലാന്‍ ചെയ്ത പദ്ധതിയായിരുന്നില്ല അത്. മുഴുവന്‍ പാപഭാരവും മോഹന്‍ലാല്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.” മോഹന്‍ലാല്‍ ഇടപെട്ട് വിഷയം പുനപിശോധിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.
താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചെടുത്തതിനും രേഖയില്ല. മാധ്യമങ്ങളില്‍ കൂടിയാണ് തിരിച്ചെടുത്ത കാര്യം അറിഞ്ഞതെന്നും ദിലീപ് പറുന്നു. തനിക്ക് പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ട് അതിനാലാണ് പ്രതികരിക്കാത്തത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും, താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു.
ദിലീപിനെതിരെ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ദിലീപിനോട് വിശദീകരണം ചോദിക്കാന്‍ പറ്റില്ലെന്നുമാണ് താരസംഘടന പറയുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നടിയുടെ പരാതി.
അമ്മയിലെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും മുകേഷ് പ്രതികരിച്ചു.
എല്ലാം മോഹന്‍ലാലാണ് തനല്ല പറയേണ്ടതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പാര്‍ട്ടി ഓഫിസില്‍ പോയി പറഞ്ഞോളാം എന്നും മുകേഷ് പ്രതികരിച്ചു.
നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്ന് സിനിമ രംഗത്തെ സ്ത്രീ സംഘടനയായ ഡബ്ലുസിസിയില്‍ നിന്ന് അക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ ഇന്നലെ രാജി വച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.
Discussion about this post