കാശ്മീര്‍: അതിര്‍ത്തി കടന്ന പാക് ബാലന് മധുരം നല്‍കി ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു. പാക് അധീന കാശ്മീരിലെ മുഹമ്മദ് അബ്ദുള്ള (11)ആണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. ജൂണ്‍ 24നായിരുന്നു മുഹമ്മദ് ഇന്ത്യയിലേക്കെത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. തിരിച്ചയക്കാന്‍ നേരം മധുര പലഹാരങ്ങളും പുതുവസ്ത്രങ്ങളും കൂടി ഇന്ത്യന്‍ സൈന്യം കുട്ടിക്ക് നല്‍കാന്‍ മറന്നില്ല.
ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ചക്രന്‍ ദാ ബാഗ് ക്രോസ്സിംഗ് പോയിന്റിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ ഹവേലി ജില്ലയില്‍ ദഗ്വര്‍ തെഹസില്‍ താമസിക്കുന്ന സര്‍ഫറാസിന്റെ മകനാണ് പതിനൊന്നു വയസ്സുള്ള അബ്ദുള്ള എന്ന് സൈന്യത്തിന് വ്യക്തമായി.
കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് തിരിച്ചയക്കുന്നതെന്ന് സൈനിക വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സൈന്യം മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്നവരാണെന്നും നിരപരാധികളായ സിവിലിയന്‍സിനെ ഒരിക്കലും ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post