കൊച്ചി: സ്വന്തം മണ്ഡലത്തിലെ പദ്ധതികളെ കുറിച്ച് പോലും ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് അറിയില്ലെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ച നിയമസഭയിലെ ചോദ്യവും അതിനുള്ള മറുപടിയും വെളിവാക്കുന്നത് കായിക മന്ത്രിയുടെ അറിവില്ലായ്മ. മന്ത്രി എ.സി മൊയ്തീന് സംസ്ഥാന ബജറ്റുപോലും വായിച്ചു നോക്കുന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം ഒ രാഗോപാലിന് നല്കിയ മറുപടിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ? എ്ന്നായിരുന്നു നിയമസഭയില്‍ ഒ രാജഗോപാല്‍ എംഎല്‍എയുടെ ചോദ്യം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ മറുപടി.
ഈ ചോദ്യവും ഉത്തരവും സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം സൈബര്‍ പോരാളികളും ബിജെപി വിരുദ്ധരും ഒ രാജഗോപാലിനെ പരിഹസിക്കാന്‍ വ്യാപകമായി പ്രചരിപ്പിച്ചു. പരക്കെ പ്രചരിച്ചു. എന്നാല്‍, വര്‍ഷങ്ങളുടെ ഭരണപരിചയമുള്ള ഒ രാജഗോപാല്‍ വെറുതെ ചോദിച്ചതല്ല ഈ ചോദ്യമെന്നാണ് വ്യക്തമാവുന്നത്.
2017 ജനുവരി 24ന് ഇ പി ജയരാജന് മന്ത്രിസ്ഥാം രാജിവച്ചതിനെ തുടര്‍ന്ന് വകുപ്പിന്റെ ഭരണം കയ്യാളിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ നേമം നിയോജക മണ്ഡലത്തില്‍ എസ്റ്റേറ്റ് വാര്‍ഡില്‍ സത്യന് നഗര്‍ സ്റ്റേഡിയത്തില്‍ ആധുനിക സംവിധാനത്തോടെ സിന്തറ്റിക് ട്രാക് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമായാണ് രാജഗോപാല്‍ കത്ത് നല്‍കിയത്. ആ വര്‍ഷത്തെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. മാത്രവുമല്ല ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട 50 പദ്ധതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് എല്ലാ എംഎല്‍എ മാര്‍ക്ക് 2018 ജനുവരിയില്‍ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ നേമം മണ്ഡലത്തില്‍ നടപ്പാക്കേണ്ട 50 പദ്ധതികളില്‍ കായിക വിഭാഗത്തില്‍ ഈ പദ്ധതി എംഎല്‍എ ആവര്‍ത്തിച്ചു. ധനമന്ത്രി രാജഗോപാലിന്റെ 50 പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഈ പദ്ധതിക്ക് ഒരു കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിക്കുകയും 100 രൂപ ടോക്കണ്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ആയിട്ടും പദ്ധതി ആരംഭിക്കുക പോലും ചെയ്തില്ല എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജഗോപാലിന്റെ നിയമസഭയിലെ ചോദ്യം. എന്നാല്‍ ഒരു പ്രപ്പോസലും എംഎല്‍എ നല്‍കിയിട്ടില്ല, അതിനാല്‍ പദ്ധതികളൊന്നും നടപ്പാക്കിയില്ല എന്നായിരുന്നു കായിക മന്ത്രിയുടെ മറുപടി. ബജറ്റില്‍ ഉള്‍പ്പെടുത്തിയ, മുഖ്യമന്ത്രിക്കും, പിന്നീട് ധനമന്ത്രിക്കും പ്രപ്പോസല്‍ നല്കിയ പദ്ധതിയെ കുറിച്ച് പരിശോധിക്കുക പോലും ചെയ്യാതെയായിരുന്നു എ.സി മൊയ്തീന്റെ മറുപടി എന്ന് വ്യക്തം. ബജറ്റ് മന്ത്രി വായിച്ചു നോക്കിയിട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോര്‍ഡിനേഷനും വകുപ്പു മന്ത്രിയുടെ സ്പോര്‍ട്സ് പോലുള്ള കാര്യങ്ങളിലെ നോട്ടക്കുറവും പിടിപ്പുകേടുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം.
നിയമസഭയില്‍ വാക്കാല്‍ പറഞ്ഞ മറുപടിയാണെങ്കില്‍ മന്ത്രിക്ക് സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലെന്നു കണ്ടതായി പറഞ്ഞ് തിരുത്താനാകും. എന്നാല്‍ രേഖാമൂലം എഴുതിത്തയാറാക്കിയ മറുപടിയായതിനാല്‍ മന്ത്രി, സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണമാണ് ഉയരുക. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കാനുള്ള സാധ്യത വരെ നിലനില്‍ക്കുന്നുണ്ട്.
Discussion about this post