ലണ്ടന്‍: കോടികളുടെ വായ്പത്തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സി.ബി.ഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോളിന്റെ നടപടി.
റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസിലാണ് നോട്ടീസ്
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം സി.ബി.ഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മോദിയുടെ സഹോദരന്‍ നിഷാല്‍, കമ്പനി ഉദ്യോഗസ്ഥനായ സുഭാഷ് പറബ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസെടുത്തിരിക്കുന്നത്.
ഇന്റര്‍പോള്‍ മുഖാന്തിരം ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മോദിക്കെതിരെ തിരച്ചില്‍ നോട്ടിസും സി.ബി.ഐ അയച്ചിരുന്നു. ഇതുവഴി ഇന്റര്‍പോളിലെ അംഗരാജ്യങ്ങളിലൊന്നില്‍ മോദിയുണ്ടെങ്കില്‍ അറിയാന്‍ സാധിക്കുമായിരുന്നു. അന്ന് യു.കെയാണ് മോദിയുടെ വിമാന യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post