ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു ബിജെപിയിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കോലി സമുദായ നേതാവുമായ കുന്‍വര്‍ജി ബവാലിയയാണു രാജിവെച്ചത്. കുന്‍വര്‍ജി പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ . എംഎല്‍എയുടെ രാജി സ്വീകരിച്ചതായി ഗുജറാത്ത് നിയമസഭ സ്പീക്കര്‍ അറിയിച്ചു.
രാജിക്ക് പിന്നാലെ ബിജെപിയില്‍ ചേരുന്നതായി ബവാലിയ അറിയിച്ചു. ബവാലിയയുടെ കൂടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു കാലങ്ങളായി ബവാലിയ നേതൃത്വവുമായി ഉടക്കിനില്‍ക്കുകയായിരുന്നു. രാജ്കോട്ടിലെ ജസ്ദന്‍ മണ്ഡലത്തില്‍നിന്നു നാലുവട്ടം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുന്‍വര്‍ജി ബവാലിയ 2009-ല്‍ രാജ്കോട്ടില്നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാജിക്കുപിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ കുന്‍വര്‍ജി ബവാലിയയെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. ബവാലിയയുടെ വരവോടെ സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.
Discussion about this post