ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കാണ് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. ബുരാരി ഗവൺമെന്റ് ആശുപത്രിയിലേക്കും, സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ മെയിൽ സന്ദേശങ്ങൾ ലഭിക്കുകയായിരുന്നു. ഉടനെ ഇരു ആശുപത്രികളിലെയും അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും ഒപ്പമുണ്ട്. ഈ മാസം ഒന്നിനാണ് ഡൽഹിയിലെ സ്‌കൂളുകളിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. 130 സ്‌കൂളുകളിലേക്ക് ആയിരുന്നു സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സമാന സംഭവം വീണ്ടും ഉണ്ടാകുന്നത്.
Discussion about this post