റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഐഇഡി പൊട്ടിത്തെറിച്ചായിരുന്നു ശാന്തി മരിച്ചത്. ബീഡി നിർമ്മിക്കുന്നതിനായുള്ള ഇല ശേഖരിക്കാൻ കാട്ടിലേക്ക് പോകുകയായിരുന്നു ശാന്തി. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് പരിക്കേറ്റ നിലയിൽ ശാന്തിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ പ്രദേശത്ത് ഐഇഡി സ്ഥാപിച്ചതെന്നാണ് നിഗമനം. സുരക്ഷാ സേന പതിവായി പട്രോളിംഗ് നടത്താറുള്ള മേഖലയാണ് ഇവിടം. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 20 കിലോ മീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിൽ സുരക്ഷാ സേന 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയിൽ സുരക്ഷാ സേനാംഗങ്ങളെ അപായപ്പെടുത്താൻ ഭീകരർ ശ്രമിക്കുകയാണെന്നായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഈ മാസം കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ പ്രദേശവാസിയാണ് ശാന്തി.
Discussion about this post