അമേത്തി: സ്വന്തം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.വിദേശ യാത്രകള്‍ തുടരുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ജനങ്ങളെ മറക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി . തന്റെ ലോക്‌സഭാ മണ്ഡലമായ അമേത്തിയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്.
തന്റെ വാഹനത്തിലിരുന്നുകൊണ്ട് ആയിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുല്‍ തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. രണ്ടു കിലോമീറ്ററോളം ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നിര്‍മാണഘട്ടത്തിന്റെ പാതിയില്‍ ഉപേക്ഷിക്കപ്പെട്ട ഫുഡ് പാര്‍ക്കിന് സമീപത്തു വച്ച് ജനങ്ങളോട് സംസാരിച്ചു. കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയ രാഹുല്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള നിരവധിപ്പേര്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതി കേന്ദ്രം അവഗണിച്ചതായി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേത്തി സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഇത്തവണ മണ്ഡലത്തിലെത്താന്‍ രാഹുല്‍ നിര്‍ബന്ധിതനായതെന്ന് ബി.ജെ.പിയുടെ സാംബിത് പത്ര തിരിച്ചടിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി രാഹുല്‍ അമേത്തിയിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാര്‍ക്കിടയില്‍ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധി രാജ്യത്തെ നിര്‍ണായക പ്രശ്‌നങ്ങള്‍ക്കിടയില്‍ മോദി വിദേശ പര്യടനം നടത്തുന്നതായുള്ള ആരോപണം തുടരുകയാണ്. എന്നാല്‍ തന്റെ വിദേശപര്യടനങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച മോദി കഠിനാധ്വാനം ഒരു കുറ്റമാണെങ്കില്‍ 125 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടി കുറ്റമേല്ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചൈനയില്‍ വച്ച് വ്യക്തമാക്കി. തന്റെ ഓരോ നിമിഷവും ഇന്ത്യയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post