ഇന്ത്യയില്‍ മുപ്പതോളം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായ വീഡിയൊയുടെ തുടക്കം പാക്കിസ്ഥാനില്‍ നിന്ന്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ രോഷ്‌നി ഹെല്‍പ്പ്‌ലൈന്‍ അവബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച വിഡിയോയാണ് എഡിറ്റ് ചെയ്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. സംഘര്‍ഷം ആസൂത്രണം ചെയ്ത് വീഡിയൊ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
2016 മെയിലാണ് സമൂഹമാധ്യമത്തിലൂടെ രോഷിനി ഹെല്‍പ്പ്‌ലൈന്‍ വിഡിയോ പുറത്തുവിട്ടത്. കറാച്ചിയിലെ ഒരു തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഇടയിലേക്ക് രണ്ടംഗ സംഘം ബൈക്കില്‍ വന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതോടെയാണ് മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയുടെ തുടക്കം. ബൈക്കിനു പിന്നാലെ കുട്ടികള്‍ ഓടിയെങ്കിലും തട്ടിയെടുത്ത കുട്ടിയുമായി സംഘം കടന്നു കളയുന്നു. ഏതാനും മിനിറ്റുകള്‍ക്കകം തിരിച്ചെത്തുന്ന സംഘം കുട്ടിയെ ഒരു കുഴപ്പവും കൂടാതെ തിരികെ ഇറക്കുന്നു. തുടര്‍ന്ന് സംഘത്തിലൊരാള്‍ കറാച്ചിയില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നിമിഷങ്ങള്‍ മതിയെന്ന സന്ദേശമുള്ള ബാനര്‍ ഉയര്‍ത്തി കാണിക്കുന്നു. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗരൂഗരാകണമെന്നും രോഷിനി ഹെല്‍പ്പ്‌ലൈനിനെ സഹായിക്കണമെന്നുമുള്ള അഭ്യര്‍ഥനയോടെയാണ് വിഡിയോ അവസാനിക്കുന്നത്.ഈ വിഡിയോയുടെ അവസാനം എഡിറ്റ് ചെയ്തു കളഞ്ഞാണ് ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യത്തോടെ വിഡിയോ അവസാനിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ സജീവമാണെന്നും ജാഗരൂകരാകണമെന്നുമുള്ള സന്ദേശത്തോടെയാണ് വിഡിയോ വാട്‌സാപ്പിലൂടെ പലരിലും എത്തിയത്.
സംശയദൃഷ്ടിയോടെ ആള്‍ക്കൂട്ടം പലരുടെയും മേല്‍ ചാടിവീണു. ഏതാണ്ട് മുപ്പതോളം മരണങ്ങളാണ് ഇത്തരത്തിലുള്ള മര്‍ദനം മൂലം സംഭവിച്ചത്.ആസമിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകം നടന്നത്.രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണെന്നാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഒരു രൂപത്തെ കുറിച്ച് പ്രാദേശികമായി നിലനില്‍ക്കുന്ന കെട്ടുകഥയും വിവാദ വിഡിയോക്കൊപ്പം പ്രചരിപ്പിക്കപ്പെട്ടത് ആശങ്കയും സംശയവും വര്‍ധിക്കാന്‍ കാരണമായി.
നല്ല ഉദ്ദേശത്തോടെ ചെയ്ത വിഡിയോ ഇപ്രകാരം ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ കടുത്ത നിരാശയിലാണ് നിര്‍മാതാക്കള്‍.
ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വീഡിയൊയുടെ ഉറവിടം തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Discussion about this post