ദക്ഷിണാ മൂര്‍ത്തിയെന്ന പേരിനെ കലൈജ്ഞര്‍ കരുണാനിധിയായി പരുവപ്പെടുത്തിയ ജീവിതം തമിഴകത്തിന്റെ അവിസ്മരണീയ ചരിത്രമാണ് ഇനി.
1924 ജൂണ്‍ മുന്നിന് നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിലാണ് ജനനം. മുത്തുവേലരും അഞ്ജുകം അമ്മയാരുമായിരുന്നു മാതാപിതാക്കള്‍. കലൈഞ്ജര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. പിന്നീടത് മുത്തുവേല്‍ കരുണാനിധി എന്നാക്കി മാറ്റുകയായിരുന്നു.
പതിനാലാമത്തെ വയസില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെയും അതിന്റെ നേതാവ് അഴഗിരി സ്വാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ഠനായ അദ്ദേഹം ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് തമിഴ്നാട് മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ഥി പ്രസ്ഥാനമായി മാറി. പെരിയാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിലായി പിന്നീട് പ്രവര്‍ത്തനം. ദ്രാവിഡ ആശയങ്ങളുടെ പ്രാചാരണത്തിനായി 1942-ല്‍ മുരശൊലി എന്ന പത്രം സ്ഥാപിച്ചു. കുടിയരശ്, മുത്തരം, തമിഴ് അരശ് തുടങ്ങിയ പ്രസിദ്ധീകരണങ്ങലിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കള്ളക്കുടിയില് നടന്ന ഹിന്ദി വിരുദ്ധ സമരം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഇതോടെ തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെടുന്ന യുവനേതാവായി കരുണാനിധി.
ഇരുപത്തിയെട്ടാം വയസിലാണ് ആദ്യതിരഞ്ഞെടുപ്പ് പോരാട്ടം. കരൂര്‍ ജില്ലയിലെ കുഴിത്തലൈയില്നിന്നു കന്നിയങ്കത്തില്‍ ജയിച്ചു കയറിയ കലൈഞ്ജര്‍ പിന്നീടൊരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. ’57-ല്‍ തഞ്ചാവൂര്‍, ’62-ലും ’67-ലും ചെന്നൈയിലെ സെയ്ദാപെട്ട്, ’77-ലും ’80-ലും അണ്ണാനഗര്‍, ’89-ലും ’91-ലും ഹാര്‍ബര്‍, ’96, 2001, 2006 ചെപ്പോക്ക് എന്നിങ്ങനെയായിരുന്നു കരുണാനിധിയുടെ വിജയത്തേരോട്ടം.മുഖ്യമന്ത്രി അണ്ണാദുരൈ 1969-ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി മുഖ്യമന്ത്രി പദവിയും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കുന്നത്. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു.
നാടകം, കവിത, സാഹിത്യം എന്നീ സാഹിത്യ മേഖലകളിലെല്ലാം സൃഷ്ടികള്‍ നടത്തി. അഭിമന്യു എന്ന പുരാണചിത്രത്തിനായി സംഭാഷണങ്ങള്‍ എഴുതിയായിരുന്നു കരുണാനിധിയുടെ സിനിമാപ്രവേശം.
രാജകുമാരി എന്ന സിനിമയിലെ തിരക്കഥ മികച്ച ജനസമ്മതിയാണ് കരുണാനിധിക്ക് നേടിക്കൊടുത്തത്. ഈ സിനിമയില്‍ മുഖ്യവേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലാകാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് എഴുപത്തിയഞ്ചോളം സിനിമകള്‍ക്ക് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണം രചിക്കുകയുണ്ടായി.
കവിതകള്‍, തിരക്കഥകള്‍, നോവലികള്‍, ജീവചരിത്രങ്ങള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. 1971ല്‍ അണ്ണാമലൈ സര്‍വകലാശാല ഓണററി ഡോക്ടേറ്റ് നല്കി ആദരിച്ചു. തേന്‍പാണ്ടി സിങ്കം എന്ന പുസ്തകത്തിന് തമിഴ് സര്‍വകലാശാല രാജ രാജനന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Discussion about this post