താന്‍ കല്ല്യാണത്തെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുമായിട്ടാണ് താന്‍ വിവാഹം ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങള്‍ മറ്റ് പല പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടി ഒരു വിശാല സഖ്യം രൂപീകരിക്കാന്‍ തയ്യാറാവുകയാണ് ഞങ്ങള്‍,” അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഒരു കൂട്ടുമന്ത്രിസഭ 2019 തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കും പ്രധാനമന്ത്രി ആരാകുമെന്നതിനെപ്പറ്റി ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി രണ്ടാമത് പ്രധാനമന്ത്രിയാകില്ലായെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി വിജയിക്കണമെങ്കില്‍ 230 സീറ്റ് നേടണമെന്നും അതിന് വേണ്ടി ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു. “ഇത് സാധ്യമല്ല. കാരണം ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യവും ബീഹാറില്‍ കോണ്‍ഗ്രസും ജനതാ ദളും തമ്മിലുള്ള സഖ്യവും ഭൂരിപക്ഷ സീറ്റുകളും നേടിയിരിക്കും,” രാഹുല്‍ പറഞ്ഞു.
അതേസമയം തനിക്ക് മോദിയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലായെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയുമായുള്ള വ്യത്യാസം പ്രത്യയശാസ്ത്രപരമായ ഒന്നാണെന്നും ആരെയും താന്‍ വെറുക്കുന്നില്ലായെന്നും രാഹുല്‍ പറഞ്ഞു.
ഇത് കൂടാതെ മതപരമായ നേതാക്കളെയും ആത്മീയ നേതാക്കളെയും കാണുന്നത് താന്‍ 2004 മുതല്‍ ചെയ്യുന്ന പ്രവര്‍ത്തിയാണെന്നും ഇതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post