കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് കര്‍ണാടകയിലെ മന്ത്രിയായ സാ.രാ.മഹേഷിനോട് കയര്‍ത്തതിന്റെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. സാ.രാ.മഹേഷ് നടത്തിയത് പാര്‍ലമെന്റിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കര്‍ണാടകയിലെ കുടകില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു നിര്‍മ്മലാ സീതാരാമന്. അവിടെ വെച്ച് നടന്ന ചര്‍ച്ചയിലായിരുന്നു നിര്‍മ്മലാ സീതാരാമന് സാ.രാ.മഹേഷിനോട് കയര്‍ത്തത്.
പ്രതിരോധമന്ത്രിയുടെ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിച്ചത് കുടക് ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി കൂടിയാലോചിച്ചതിന് ശേഷമാണെന്ന് വിശദീകരണ കുറിപ്പില്‍ പറയുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുമ്പ് പങ്കെടുക്കേണ്ട പരിപാടികളുടെ പട്ടികയ്ക്ക് രൂപം നല്‍കുകയും അതിന് അനുമതി നല്കി എല്ലാവര്ക്കും അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മുന്‍ സൈനികരുമായി ഒരു കൂടിക്കാഴ്ചയും പരിപാടിയുടെ ഭാഗമായിരുന്നു.
പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി മുന്‍ മുന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഈ സൈനികരില്‍ മിക്കവരെയും പ്രളയം കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ മന്ത്രി ആദ്യം കാണേണ്ടിയിരുന്നത് അധികൃതരെയാണെന്ന് പറഞ്ഞ് ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രി രംഗത്തെത്തി. സൈനികരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അധികൃതരെ കാണാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും സംസ്ഥാന മന്ത്രി അയഞ്ഞില്ല. തുടര്‍ന്ന് മുന്‍ സൈനികരുമായുള്ള കൂടിക്കാഴ്ച വെട്ടിച്ചുരുക്കി നിര്‍മ്മലാ സീതാരമന് അധികൃതരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യപ്രവര്‍ത്തകരുടെ സാന്നിദ്ധ്യവുമുള്ളപ്പോള് ഇത്തരമൊരു ചര്‍ച്ച വച്ചതുതന്നെ പതിവില്ലാത്തതാണെന്നും വിശദീകരണ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ മന്ത്രിക്കെതിരെ സംസ്ഥാന മന്ത്രി അനാവശ്യ പ്രസ്താവന നടത്തിയെന്നും വിശദീകരണ കുറിപ്പിലുണ്ട്. സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായിട്ടും ജനങ്ങളുടെ വിഷമം വേണ്ടതുപോലെ കാണാന്‍ പ്രതിരോധമന്ത്രിക്ക് സാധിച്ചില്ലെന്നായിരുന്നു മഹേഷിന്റെ പ്രസ്താവന. ജനങ്ങളിലേക്കിറങ്ങി, അവരുടെ പ്രശ്നങ്ങള്‍ പഠിച്ച്, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച വ്യക്തിയായിരുന്നെങ്കില്‍ കേന്ദ്ര മന്ത്രിക്ക് ജനങ്ങളുടെ വിഷമം കൂടുതല്‍ മനസ്സിലായേനെയെന്നും മന്ത്രി മഹേഷ് പറഞ്ഞിരുന്നു.
ഈ പ്രസ്താവന മന്ത്രിയുടെ അറിവില്ലായ്മയെ കാണിക്കുന്നുവെന്നും ഇത് പാര്‍ലമെന്റിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Discussion about this post