ഇസ്ലാമാബാദ് : സിന്ധു നദീജലകരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇന്ത്യയും പാക്കിസ്ഥാനും നാളെ പുനരാരംഭിക്കും. ലാഹോറില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയുടെ പ്രതിനിധി പി.കെ.സക്സേന പങ്കെടുക്കും. പാക്കിസ്ഥാന് സംഘത്തെ നദീജല കമ്മിഷണര്‍ സയ്യദ് മെഹര്‍ അലി ഷാ നയിക്കും.
ഇമ്രാന് ഖാന് പ്രധാനമന്ത്രിയായ ശേഷം പാക്കിസ്ഥാന് ഇന്ത്യയുമായി നടത്തുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് സിന്ധൂനദീജല കരാറുസംബന്ധിച്ച ചര്‍ച്ച നടക്കുക. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നു ആദ്യ ചര്‍ച്ച.
സിന്ധു നദീശൃംഖലയിലെ ജലം പാക്കിസ്ഥാനുകൂടി ലഭ്യമാക്കുന്ന കരാറാണ് സിന്ധു നദീജലവിനിയോഗ കരാര്‍. 1960 സെപ്റ്റംബര്‍ 19നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍വച്ചാണ് കരാര്‍ ഒപ്പിട്ടത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ബിയാസ്, റാവി, സത്ലജ് നദികളിലെ വെള്ളത്തിന്റെ പൂര്‍ണനിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.
കരാര്‍ അനുസരിച്ചു വെള്ളത്തിന്റെ 80 ശതമാനവും പാക്കിസ്ഥാനാണു ലഭിക്കുന്നതെന്ന വസ്തുതയ്ക്കെതിരെ പല ഭാഗങ്ങളില്‍നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കരാര്‍ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കാന്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു സ്ഥിരം കമ്മിഷനുണ്ട്. ഝലം നദിയില്‍ ഇന്ത്യ നിര്‍മിക്കുന്ന കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയാണ് ഇപ്പോഴത്തെ തര്‍ക്കവിഷയം. ഇതിനെതിരെ പാക്കിസ്ഥാന് രാജ്യാന്തര കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
Discussion about this post