കേരളത്തില്‍ പ്രളയം സൃഷ്ടിച്ചത് സര്‍ക്കാരാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകോപനത്തില്‍ റവന്യു വകുപ്പ് പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. കൃത്യ സമയത്ത് സൈന്യത്തെ എത്തിച്ചിരുന്നെങ്കില്‍ ചെങ്ങന്നൂരിലടക്കം ഇത്ര വലിയ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പ്രളയം സംഭവിച്ചത് മഴ മൂലമല്ല മറിച്ച് ഡാം തുറന്ന് വിട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കോട്ടയം ജില്ലാ ചുമതലയുള്ള മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രളയ സമയത്ത് കെ.എസ്.ഇ.ബിക്ക് സംഭവിച്ച വീഴ്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കെ.എസ്.ഇ.ബി നാഥനില്ലാ കളരിയാണ്.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ബുക്കുകളില്‍ റെഡ് അലര്‍ട്ട് , ഓറഞ്ച് അലര്‍ട്ട് എന്നെഴുതിവെച്ചിട്ട് കാര്യമില്ല. പത്തനംതിട്ട ജില്ലയില്‍ രാത്രി ഒരുമണിക്കാണ് വെള്ളം പൊങ്ങുന്നത്.ജില്ലാ കളക്ടറെ ഉറക്കത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരാണ് വിളിച്ചുണര്‍ത്തിയത്. അനൗണ്‍സ്മെന്റ് വാഹനം വരെ വെള്ളത്തില്‍ മുങ്ങിപൊയി.ഇടുക്കി ജില്ല ഒഴികെ ഒരു ജില്ലയിലും വേണ്ടത്ര മുന്നൊരുക്കങ്ങളും ഇല്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ 01-08-2018ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഷോളയാര്‍, പറമ്പിക്കുളം തുടങ്ങിയ ഡാമുകള്‍ തമിഴ്‌നാടാണ് തുറന്ന് വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോയിന്റ് വാട്ടര്‍ കമ്മീഷന്റെ ചെയര്‍മാന്‍ കേരളത്തിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറാണെന്നും ഒരു മീറ്റിംഗ വിളിച്ച് കൂട്ടി ഡാമുകള്‍ തുറന്ന് വിടരുതെന്ന് കേരളം തീരുമാനിച്ചിരുന്നെങ്കില്‍ തമിഴ്‌നാടിന് ഡാമുകള്‍ തുറന്ന് വിടാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് വീഴ്ച പറ്റിയതിന് ശേഷം ഇപ്പോള്‍ രക്ഷകന്റെ വേഷം അണിയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘പ്രളയം സംഭവിച്ചത് മഴ മൂലമാണ് അല്ലാതെ അണക്കെട്ടുകള്‍ തുറന്ന് വിട്ടതല്ലായെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറയുന്നു. അതേസമയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം സംഭവിച്ചതെന്നും പറയുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നോക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം പുനരധിവാസത്തിന്റെ ഭാഗമായി 5 ലക്ഷം വരെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post