കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശത്തിനെതിരല്ല അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അറസ്റ്റ് നടന്നതിനെത്തുടര്‍ന്ന് അറസ്റ്റിനെതിരെ ചരിത്രകാരി റോമില ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയിന്‍, മജാ ദാരുവാല എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് അറസ്റ്റിലായവരുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു പേരെയാണ് മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ സുരക്ഷാ വാല്‍വാണെന്നും അത് അനുവദിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകാമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൂടാതെ സെപ്റ്റംബര്‍ ആറിന് മുമ്പായി കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്രാ സര്‍ക്കാരും മറുപടി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീ കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ് ജനുവരിയില്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കവി വരവരറാവു, ഗൗതം നവലാഖ, സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
Discussion about this post