ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണന്റെ ഹര്‍ജിയില്‍ സുപ്രിംകേടതി ഇന്ന് വിധി പറയും. കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി വിധി പറയുന്നത്. നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും കോടതി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറയുക.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു കേസിനാസ്പദമായ സംഭവം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിയുണ്ടായിരുന്നു .നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതിയും പരാമര്‍ശം നടത്തിയിരുന്നു.
ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതേകുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്നും വാദത്തിനിടെ സിബിഐ അറിയിച്ചിരുന്നു.
Discussion about this post