20 വര്‍ഷം മുമ്പ് നടന്ന കന്യാസ്ത്രീയുടെ മരണം പുനരന്വേഷിക്കാന്‍ നടപടി. കോഴിക്കോട് കല്ലുരുട്ടിയിലെ സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസിന്റെ മരണമാണ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
1998 നവംബര്‍ 20നായിരുന്നു സിസ്റ്റര്‍ ജ്യോതിസിനെ മഠത്തിലെ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്ററിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുണ്ടെന്നും രക്തം വാര്‍ന്നിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുങ്ങിമരണമെന്നാണ് റിപ്പോര്‍ട്ട്.
കേസന്വേഷിച്ച ലോക്കല്‍ പോലീസ് ഇതൊരു ആത്മഹത്യയാണെന്ന് കണ്ടെത്തി. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്ററുടെ കുടുംബം ഹൈക്കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണുണ്ടായത്. ക്രൈം ബ്രാഞ്ചും പോലീസിന്റെ കണ്ടെത്തിലനെ ശരിവെച്ചു.
ഇതിന് ശേഷം കഴിഞ്ഞ ഏപ്രിലിലായിരുന്നു കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന് എന്ന സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡി.ജി.പി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെയും പരാതിക്കാരനായ ജോര്‍ജ് മാളിയേക്കലിന്റെയും മൊഴികള്‍ വീണ്ടുമെടുത്തിട്ടുണ്ട്.
Discussion about this post