പാരിസ് ; ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) രക്ഷിക്കാന്‍ ആദ്യ കപ്പല്‍ ഇന്ന് ഉച്ചയ്ക്ക് അപകടമേഖലയിലെത്തും. ബന്ധപ്പെട്ട വിഷയത്തില്‍ നാവികസേന ഉപമേധാവി പി അജിത്കുമാറുമായി സംസാരിച്ചെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അടുത്ത 16 മണിക്കൂറില്‍ ഫ്രഞ്ച് കപ്പല്‍ ഒസിറിസ് അഭിലാഷ് ടോമിക്ക് അടുത്തെത്തും. ഓസ്ട്രേലിയന്‍ നാവികസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ ഇന്ത്യന്‍ നാവികസേനയുടെ പി8 ഐ എന്ന വിമാനം അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ, പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ വന്‍തിരമാലകളില്‍ ഉലയുകയാണിപ്പോള്‍ അഭിലാഷിന്റെ ‘തുരീയ’ പായ്വഞ്ചി. അഭിലാഷ് ടോമിയുമായി നാവികസേന ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്.
ഏറ്റവും അടുത്തുണ്ടായിരുന്ന ഫ്രഞ്ച് മല്‍സ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ആണ് ഇന്ന് ഉച്ചയ്ക്ക് രക്ഷാദൗത്യത്തിനെത്തുക. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. എന്നാല്‍, കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ കപ്പലിനു സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ.
ശനിയാഴ്ച ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനം പായ്വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വിഡിയോയും പകര്‍ത്തി. പ്രക്ഷുബ്ധമായ കടലില്‍, പായ്മരങ്ങള്‍ ഒടിഞ്ഞ് ഒരു വശത്തേക്കു വീണു കിടക്കുകയാണ് ‘തുരീയ’. മേഘാവൃതമായ ഇവിടെ, വിമാനം വളരെ താഴ്ന്നുപറക്കുമ്പോള്‍ മാത്രമേ സമുദ്രോപരിതലം കാണുന്നുള്ളൂ. കനത്ത മഴയും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ട്; 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളും. ഇത് 6 മീറ്റര്‍ വരെ ഉയര്‍ന്നേക്കാം.
എയര്‍ ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന തരം വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കരയില്‍നിന്ന് ഇത്ര ദൂരം പറന്ന് ദൗത്യം നിര്‍വഹിച്ചു തിരികെയെത്താനുള്ള ഇന്ധന ശേഷിയില്ല. അതിനാല്‍, കപ്പല്‍ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകൂ.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്‌ലെ ദെലോന്‍’ എന്ന ചെറു തുറമുഖത്തില്‍ നിന്ന് തുടങ്ങിയ ലോക സമുദ്ര സഞ്ചാര മത്സരത്തില്‍ പങ്കെടുക്കവെ രണ്ട് ദിവസം മുന്‍പാണ് ടോമിയുടെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെടുമ്പോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടോമി.
Discussion about this post