Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കമ്മ്യൂണിസ്റ്റ് നേതാവ് പി ഗംഗാധരന്‍ മുതല്‍ ജോണ്‍എബ്രഹാം വരെ’ റെബലുകളുടെ ഘോഷയാത്ര

എംവി ബെന്നി

by Brave India Desk
Oct 2, 2018, 11:21 am IST
in Kerala
Share on FacebookTweetWhatsAppTelegram

In Facebook

”റെബലുകളുടെ ഘോഷയാത്ര.

1965. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. നാഷണല്‍ ഹൈവേക്ക് തൊട്ടടുത്താണ് താമസം. നാഷണല്‍ ഹൈവേ എന്നു പേരു പറയുമെങ്കിലും വല്ലപ്പോഴും ഒരു വണ്ടി വരും. കൂടുതല്‍ വാഹനങ്ങളൊന്നും നിരത്തിലില്ല.
ഇരുട്ടു വീണു കഴിഞ്ഞു. ദൂരെനിന്ന്! ഒരു ആരവം കേള്‍ക്കുന്നു. എന്താണ് കാര്യമെന്നറിയാതെ കുട്ടികള്‍ ഹൈവേയിലേക്ക് ഓടുന്നു. നാട്ടുകാരും ഓടിവരുന്നുണ്ട്. കൂട്ടത്തില്‍ നിന്ന്! ആരോ വിളിച്ചുപറയുന്നുണ്ട്, ‘പി. ഗംഗാധരന്‍ ജയിച്ചേ!’
നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അതിന്റെ വികാരം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടെന്നും മനസിലാക്കിയിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയം എനിക്കു പിടിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോ അതിന്റെ കാരണങ്ങളോ അറിയില്ല. ആകെ അറിയാവുന്നത് ഒരു കാര്യം. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ചൈനാ ചാരന്‍ ആണെന്നും അയാള്‍ ജയിലില്‍ ആണെന്നും മാത്രമാണ്. ആ സ്ഥാനാര്‍ത്ഥിയാണ് പി. ഗംഗാധരന്‍.
രാഷ്ട്രീയം നിശ്ചയമില്ലാത്തതു കൊണ്ട്, ഒരു ജയില്‍ പുള്ളിയെ സ്‌നേഹിക്കേണ്ട ബാധ്യത എനിക്കില്ല, പോരാത്തതിന് ആള്‍ ചൈനാചാരനും!
അദ്ദേഹത്തിന്റെ ജയഭേരിയാണ് ഞാന്‍ കേള്‍ക്കുന്നത്. റോഡിലൂടെ പതിനായിരങ്ങള്‍ ഒഴുകുന്നു. തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ അവരുടെ വിജയഭേരി മുഴങ്ങുന്നു. ഞാനാകെ ആശയക്കുഴപ്പത്തിലായി. ജയിലില്‍ കിടക്കുന്ന ചൈനാചാരന് ഭൂരിപക്ഷം! മാത്രമല്ല, പതിനായിരങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഭൂമി കുലുങ്ങുമാറ് ഉച്ചത്തില്‍ കിടിലന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു.
എങ്കിലും വിജയിച്ച സ്ഥാനാര്‍ത്ഥി ജാഥയിലില്ല. അപ്പോഴും അദ്ദേഹം ഇരുമ്പഴിക്കുള്ളിലാണ്. ആവേശം അടങ്ങാത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മക്കളെ റിക്ഷാവണ്ടിയില്‍ കയറ്റി ഇരുത്തി റിക്ഷാ വലിക്കുന്നു. മുദ്രാവാക്യം വിളി തുടരുന്നു. സ്ഥാനാര്‍ത്ഥി കൂടെയില്ലാതെയും സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കാമെന്ന് അന്നെനിക്ക് മനസിലായി. ചൈനാചാരന്‍ എന്ന്! അധിക്ഷേപിച്ചാലും സ്ഥാനാര്‍ത്ഥിയെ ജയിലില്‍ അടച്ചാലും ജനഹൃദയങ്ങളില്‍ അയാള്‍ക്ക് സ്ഥാനം ഉണ്ടെങ്കില്‍ തുറുങ്കു ഭേദിച്ചും അയാള്‍ പുറത്തുവരും എന്നും മനസിലായി. അതെന്റെ രാഷ്ട്രീയ വിദ്യാഭ്യാസം ആയിരുന്നു. രണ്ടര്‍ത്ഥത്തിലും എന്റെ ഒന്നാം ക്ലാസ് വിദ്യാഭ്യാസം.
പിന്നീട് പലപ്പോഴും പി. ഗംഗാധരനെ കണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ നേതാവ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സമ്മേളനം പിണറായിയിലെ പാറപ്പുറത്ത് ചേര്‍ന്നപ്പോള്‍ അതില്‍ പങ്കെടുത്ത ആള്‍. പോലീസ് വേട്ടയാടുമ്പോഴും ഒളിവിലും തെളിവിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേശവദേവ്, സഹോദരന്‍ അയ്യപ്പന്‍, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരോടൊപ്പം മറ്റു മേഖലകളിലും പ്രവര്‍ത്തിച്ചു. ബഷീറിന്റെ ‘ജന്മദിനം’ എന്ന കഥയില്‍ ഒരു കഥാപാത്രം ആയി പി. ഗംഗാധരന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തിലൂടെ വളര്‍ന്നുവന്ന പി. ഗംഗാധരന്‍ പിന്നെ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എല്‍!.എയും ആയി. പിന്നീട്, ഇ.എം.എസുമായി കലഹിച്ച് പാര്‍ട്ടിക്ക് പുറത്തായി. ഇ.എം.എസിന്റെ ശത്രു ഒടുവില്‍ പാര്‍ട്ടിയുടെ ശത്രുവായി മാറുമല്ലോ. ആ സ്ട്രാറ്റജി പിടികിട്ടിയതുകൊണ്ടാണോ അതോ കിട്ടാത്തതുകൊണ്ടാണോ എന്നറിയില്ല ഇ.എം.എസിന് നേര്‍ക്ക് അദ്ദേഹം ബ്രാഹ്മണ അജണ്ട ആരോപിച്ചു. കലുഷമായ ആ കാലം മുഴുവന്‍ എന്റെ ഓര്‍മ്മയിലുണ്ട്. അതുവരെ പീജി എന്നുപറഞ്ഞാല്‍ പി. ഗംഗാധരന്‍ ആയിരുന്നു. അതിനുശേഷമാണ് പീജി എന്നുപറഞ്ഞാല്‍ പി. ഗോവിന്ദപ്പിള്ള ആകുന്നത്.
പി. ഗംഗാധരനും അടങ്ങി ഇരുന്നില്ല. അദ്ദേഹം കെ.പി.ആര്‍. ഗോപാലന്‍, അരയക്കണ്ടി അച്യുതന്‍, എ.വി. ആര്യന്‍ എന്നിവരുമായി ചേര്‍ന്ന്! കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ എന്നൊരു വിപ്ലവപാത രൂപീകരിച്ചു. അതിലെ ഓരോരുത്തരും ഒന്നൊന്നര ആള്‍ ആയിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അവര്‍ പ്രയാസം ഉണ്ടാക്കുമെന്ന് പലരും കരുതിയെങ്കിലും അപ്പോഴേക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീവ്ര നിലപാടുള്ള പാര്‍ട്ടികളെ സര്‍ക്കാര്‍ കൂടുതല്‍ വേട്ടയാടുമല്ലോ. അങ്ങനെ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റെര്‍ ചിന്നിച്ചിതറി.
അതുവരെ രാഷ്ട്രീയ നിലപാടുകള്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്താന്‍ തുടങ്ങി. നക്‌സലൈറ്റുകളും ആര്‍.എസ്.എസും ജമാ അത്തെ ഇസ്ലാമിയും അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടു. നാട്ടില്‍ അവരേക്കാളും ജനപിന്തുണയുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അടിയന്തരാവസ്ഥക്ക് എതിരായിരുന്നു. ഇതൊക്കെ ആയിരിക്കാം ഞങ്ങളെപ്പോലുള്ള കുട്ടികളെ മാര്‍ക്‌സിസ്റ്റ് അനുഭാവികള്‍ ആക്കിയത്.
പക്ഷേ, കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ അസ്തമയത്തിനു ശേഷം പി. ഗംഗാധരന്‍ എസ്.ആര്‍.പി രൂപീകരിച്ചു. ആ പാര്‍ട്ടിയുടെ പ്രതിനിധി മന്ത്രിയായി ഇരിക്കുമ്പോള്‍ ആയിരുന്നു പി. ഗംഗാധരന്റെ മരണം.
ഒരിക്കലും ഞാന്‍ പി. ഗംഗാധരന്റെ അനുയായി ആയി പ്രവര്‍ത്തിച്ചിട്ടില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന്! പുറത്താക്കപ്പെട്ട ശേഷം അടിയന്തരാവസ്ഥയിലാണ് ഞാന്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നത്. അപ്പോള്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റെറും തകര്‍ന്ന്! എസ്.ആര്‍.പി ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്. അതില്‍ ചേരേണ്ട ആവശ്യം ഉണ്ടെന്ന്! എനിക്ക് തോന്നിയതുമില്ല.
എങ്കിലും എപ്പോഴും ആ ജീവിതം ഞങ്ങള്‍ ആദരവോടെ കണ്ടു. ചിലപ്പോഴൊക്കെ അദ്ദേഹവുമായി സംസാരിച്ചു. വിസ്മരിക്കാന്‍ കഴിയാത്തതായിരുന്നു ആ ജീവിതം. ത്യാഗം ആയിരുന്നു അതിന്റെ മൂലധനം. ത്യാഗികളെ ആര്‍ക്കാണ് വെറുക്കാന്‍ കഴിയുക.
വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ കെ.പി.ആര്‍ ഗോപാലനേയും കണ്ടു. ഞാന്‍ മഹാരാജാസ് കോളേജില്‍ ജോലി ചെയ്യുമ്പോളാണ്. അന്ന്! പാര്‍ട്ടി പത്രത്തില്‍ എം.വി.ആര്‍ എം.വി. രാഘവന്‍ ആയി മാറിക്കഴിഞ്ഞിരുന്നു. വിഘടിച്ച ഗ്രൂപ്പിന്റെ എന്തൊക്കയോ സെമിനാറുകള്‍ മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കുന്നു. അതുകേള്‍ക്കുന്നതിനേക്കാള്‍ പ്രധാനം കെ.പി.ആറിനെ കാണുക എന്നതാണ്. വധശിക്ഷക്കു വിധിച്ചശേഷം തൂക്കം വര്‍ദ്ധിച്ച കെ.പി.ആര്‍ ഞങ്ങളുടെ തലമുറക്കും പ്രിയങ്കരന്‍. കോളേജിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കുറച്ചുനേരം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗവും കേട്ടു.
പക്ഷേ, അതു മുഴുവന്‍ ഇ.എം.എസ് വിരോധം ആയിരുന്നു. കടുത്ത വികാരാവേശവും. വാക്കുകളില്‍ പലപ്പോഴും ബ്രാഹ്മണ വിരോധം മുഴങ്ങി. എല്ലാ പ്രതിഷേധവും ഇ.എം.എസ്സില്‍ കേന്ദ്രീകരിക്കുന്നതുപോലെ.
അതിനു തൊട്ടു മുമ്പാണ് ഞാന്‍ ചാത്തുണ്ണി മാഷെ കാണുന്നത്. ഡല്‍ഹിയില്‍ വെച്ച്. ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നതിനും തൊട്ടുമുമ്പ്. ലോക സമാധാനത്തിനു വേണ്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ഒരു അഖിലേന്ത്യാ ജാഥ ആയിരുന്നു അത്. ജാഥയില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട കുറച്ചു പേരില്‍ ഞാനും ഉണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നു വന്ന ആയിരങ്ങള്‍ തലേന്ന്! തന്നെ ഡല്‍ഹിയിലെ മൈതാനത്ത് തമ്പടിച്ചു. അവിടെ ഞങ്ങളെ അഭിവാദ്യം ചെയ്യാന്‍ പലരും വരുന്നു. അക്കൂട്ടത്തില്‍ ബി.ടി.ആര്‍ ഉള്‍പ്പെടെ പല പ്രമുഖരും ഉണ്ട്. അതിനിടയില്‍ വികാരഭരിതരായി ആളുകള്‍ ചാത്തുണ്ണി മാസ്റ്ററുടെ വരവ് അറിയിക്കുന്നു. അദ്ദേഹം കിസാന്‍ സഭയുടെ അഖിലേന്ത്യാ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവും ആണ്. അദ്ദേഹത്തെ കണ്ട് രാജ്യത്തെ ദരിദ്ര നാരായണന്‍മാര്‍ ആവേശം കൊള്ളുന്നു.
ആ ബന്ധം തുടര്‍ന്നു. അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ ബുദ്ധിജീവികളില്‍ ഒരാളായിരുന്നു അദ്ദേഹം. ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി മാര്‍ക്‌സിസ്റ്റ് അടിത്തറയില്‍ പണിയുന്ന സ്വപ്നഗോപുരങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍.
അദ്ദേഹത്തിന്റെ മകന്‍ വേണു അന്ന്! എറണാകുളത്ത് ആയിരുന്നു താമസം. പല നിലകളിലും വേണുവുമായി ബന്ധപ്പെടേണ്ട ആവശ്യങ്ങളും എനിക്ക് ഉണ്ടായിരുന്നു. അതു വളര്‍ന്ന് വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നു പറയുന്ന അവസ്ഥയില്‍ ഞങ്ങള്‍ എത്തി. നല്ല സൗഹൃദം.
അപ്പോഴാണ്, ഇ.എം.എസ്സിന്റെ ശ്രദ്ധ ചാത്തുണ്ണി മാഷില്‍ കേന്ദ്രീകരിക്കുന്നത്. ചാത്തുണ്ണി മാഷിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന്! പലര്‍ക്കും മനസ്സിലായി. ചടങ്ങനുസരിച്ച് ഇനി വരേണ്ടത് രണ്ട് ആരോപണങ്ങളാണ്. ഫണ്ടു വെട്ടിപ്പും പെണ്ണു കേസും. ചാത്തുണ്ണി മാഷുടെ കാര്യത്തില്‍ ഫണ്ടു വെട്ടിപ്പാണ് ഉയര്‍ന്നു വന്നത്. ചാത്തുണ്ണി മാഷുമായി നേരിട്ടും മകന്‍ മുഖാന്തിരവും ബന്ധമുണ്ടായിരുന്ന ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. എങ്കിലും പാര്‍ട്ടി അച്ചടക്കം ഞങ്ങളും അനുസരിച്ചു.
പിന്നീട് എം.വി. രാഘവന്‍ ഉയര്‍ത്തിയ കലാപങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു അത്. ചാത്തുണ്ണി മാഷും എം.വി. രാഘവനും ഒരേ പ്രശ്‌നത്തില്‍ കലാപം ഉയര്‍ത്തിയവരല്ല. ചാത്തുണ്ണി മാഷ് പുറത്താകുമ്പോളും രാഘവന്‍ അകത്തുണ്ട്. ആ സമയത്ത് തീര്‍ത്തും ഒറ്റയാന്‍ ആയിരുന്ന ചാത്തുണ്ണി മാഷെ ഞാന്‍ പലപ്പോഴും കണ്ടു. വേണുവിന്റെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട അപൂര്‍വ്വം പാര്‍ട്ടിക്കാരില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ ദേശീയതയെ കുറിച്ച് ഒരു പ്രഭാഷണം നടത്താന്‍ ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം പ്രഭാഷണം നിര്‍വ്വഹിച്ചു. തിരിച്ചു പോകുമ്പോള്‍ സംഭാഷണ മധ്യേ, താരിഖ് അലി കെ ദാമോദരനുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അതിന്റെ പകര്‍പ്പ് അദ്ദേഹത്തിന് അയച്ചുനല്‍കുകയും ചെയ്തു.
പക്ഷേ, പാര്‍ട്ടിക്കു പുറത്തായ നേതാവിനെ പാര്‍ട്ടി വെറുതെ വിടില്ലല്ലോ. നില്‍ക്കക്കള്ളി ഇല്ലാതായ ചാത്തുണ്ണി മാഷ് ഒടുവില്‍ എം.വി.രാഘവന്റെ ക്യാമ്പില്‍ അഭയം തേടി. അതുവേണ്ടായിരുന്നു എന്നു പറയണമെന്ന് തോന്നിയെങ്കിലും ഞങ്ങള്‍ അതിനു തുനിഞ്ഞില്ല. ഓരോരുത്തര്‍ക്കും ഓരോ വഴികള്‍. അവരെയൊക്കെ ഉപദേശിക്കാന്‍ നമ്മളാരാണ്?
ഇടതു റിബലുകളുടെ കഥകള്‍ പറയുമ്പോള്‍ സി.പി. ജോണിന്റെ കാര്യവും പറയാതെ വയ്യ. സ്വന്തം നിലപാടില്‍ അവസാനം വരെ അദ്ദേഹം ഉറച്ചുനിന്നു. എം.വി. രാഘവന്റെ മരണംവരെ രാഘവനോടൊപ്പം! അങ്ങനെയൊരു സാങ്കല്പിക മുദ്രാവാക്യത്തിന്റെ പിന്നാലെയാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്ന് ഞങ്ങളില്‍ പലര്‍ക്കും തോന്നി. എസ്.എഫ് ഐയില്‍ ഞങ്ങളുടെ ധീരനായ സഖാവ് ആയിരുന്നു സി.പി. ജോണ്‍. രാഘവന്‍ പ്രശ്‌നത്തില്‍ രാഘവനോടൊപ്പം അവസാനംവരെ അദ്ദേഹം ഉറച്ചുനിന്നു. രംഗം മോശമാകുന്നതു കണ്ടപ്പോള്‍ പലരും മറുകണ്ടം ചാടി. ജോണ്‍ പക്ഷേ, ജിബ്രാള്‍ട്ടര്‍ പാറപോലെ ഉറപ്പോടെ നിന്നു. അതിന്റെ കഷ്ടങ്ങളും നഷ്ടങ്ങളും അദ്ദേഹം നേരിട്ടു.
ഇടതു റിബലുകളുടെ കഥകളാണ് ഞാന്‍ പറഞ്ഞുവന്നത്. എങ്കിലും രാഷ്ട്രീയത്തില്‍ അവര്‍ക്കെല്ലാം ഒറ്റ നിലപാട് ആയിരുന്നെന്നു ധരിക്കരുത്. അതുകൊണ്ട്, ഇനി കഥ വേറൊരു ട്രാക്കിലേക്ക് മാറാം.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ക്ഷോഭിക്കുന്ന ചാള്‍സ് ജോര്‍ജിനെ ടെലിവിഷനില്‍ നിങ്ങളും കണ്ടുകാണുമല്ലോ. ടെലിവിഷനില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹത്തിന്റെ നിലപാട് അതുതന്നെയാണ്. അനീതിയുമായി സന്ധിചെയ്യാന്‍ വിഷമമുള്ള ആള്‍.
അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസ് വരെ സ്‌കൂള്‍ ക്ലാസില്‍ എന്റെ സഹപാഠി ആയിരുന്നു, ചാള്‍സ് ജോര്‍ജ്ജ്. ഞങ്ങള്‍ ക്ലാസിലെ മുന്‍ബെഞ്ചുകാര്‍. താരതമ്യേന നന്നായി പഠിക്കുന്നവരാണ് മുന്‍ബെഞ്ചില്‍ എന്നാണ് അന്നത്തെ ധാരണ. ചുരുങ്ങിയപക്ഷം ഒരു ബാങ്ക് മാനേജര്‍ എങ്കിലും ആകേണ്ടവര്‍!
ആ ചാള്‍സ് ജോര്‍ജ്ജ് ആണ് പിന്നീട് നക്‌സലൈറ്റ് ആകുന്നത്. ഇപ്പോഴും എന്നല്ല എപ്പോഴും നീതി നിഷേധത്തിനെതിരെ ശബ്ദിക്കാന്‍! അദ്ദേഹമുണ്ട്.
പ്രീഡിഗ്രിക്ക് മഹാരാജാസില്‍ ചേര്‍ന്നപ്പോളാണ് അരവിന്ദന്‍ ചേട്ടന്‍ ചാള്‍സിന്റെ നിത്യസന്ദര്‍ശകന്‍ ആകുന്നത്. രണ്ടുപേരും എത്രനേരം വേണമെങ്കിലും സംസാരിക്കും. സംസാരം തീരാതെ ഒടുവില്‍ പാര്‍ക്കിലെ ബെഞ്ചില്‍! ഇരുന്നും സംസാരം തുടരും . അരവിന്ദന്‍ ചേട്ടന്‍ ഒരു കിടിലന്‍ നക്‌സലൈറ്റ് ആണ്. പോലീസ്, ഫയല്‍ സൂക്ഷിക്കന്ന ആള്‍. എന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം അന്ന്! കൊച്ചിന്‍ കോളേജില്‍ ആണ്. ഇത്തരം രാഷ്ട്രീയ നേതാക്കള്‍ നമ്മളുമായി അടുക്കുന്നത് നമ്മളെ അവരുടെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണെന്നാണ് എന്റെ ധാരണ. ഒരിക്കല്‍ ഞാനത് ചാള്‍സിനോട് സൂചിപ്പിക്കുകയും ചെയ്തു. പിന്നീട് എന്നെ കണ്ടപ്പോള്‍ ചാള്‍സ് ചോദിച്ചു, ‘എന്തുണ്ട് തിരുത്തല്‍വാദി സഖാവേ വിശേഷങ്ങള്?’ ! കമ്മ്യൂണിസ്റ്റ്കാരുടെ നിഘണ്ടുവില്‍ തിരുത്തല്‍വാദി എന്നത് ഒരു ശകാര പദമാണല്ലോ.
സ്വാഭാവികമായും ഞങ്ങള്‍ രണ്ടു വഴിയിലാണെന്ന് എനിക്ക് മനസിലായി. പിന്നെ ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. ഇപ്പോഴും വ്യക്തിപരമായ സൗഹൃദത്തിനു കുറവൊന്നുമില്ല. എന്റെ കഷ്ടകാലങ്ങളില്‍ അദ്ദേഹം ഓടിവരും. രാഷ്ട്രീയം ഒഴിച്ച് എന്തും സംസാരിക്കും!
കഥയുടെ ഈ സന്ധിയില്‍ വെച്ചാണ് ഞാന്‍ അരവിന്ദന്‍ ചേട്ടനെ പരിചയപ്പെടുന്നത്. അടിയന്തരാവസ്ഥയില്‍ കോളിളക്കം സൃഷ്ടിച്ച കുമ്പളം കൊലക്കേസിലെ പ്രധാന പ്രതി. അദ്ദേഹത്തിന്റെ തീവ്ര നിലപാടുകളും പിന്നീട് അനുഭവപ്പെട്ട രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങളും ഞാന്‍ അടുത്തുനിന്ന്! കണ്ടിട്ടുണ്ട്.
കൊല നടത്തിയ ആള്‍ അതിനു വലിയ വിലകൊടുക്കേണ്ടി വരും. അങ്ങനെയാണ് ധര്‍മ്മതത്ത്വം. അതുകൊണ്ട്, അദ്ദേഹം ആ കൊലയില്‍ യാഥാര്‍ത്ഥത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചില്ല. എങ്കിലും ഒരിക്കല്‍ അദ്ദേഹം പറഞ്ഞു, ‘കൊല നടത്തിയതല്ല തെറ്റ്. ഞങ്ങള്‍ ഉദ്ദേശിച്ച ആളല്ല കൊല്ലപ്പെട്ടത്. ആളു മാറിപ്പോയി. അതായിരുന്നു തെറ്റ്’ ആ മനോവ്യാപാരം മനസിലാകാതെ കേട്ടിരുന്ന ഞാന്‍ കുഴങ്ങി. കൊലയുടെ കൂടെ വിഡ്ഢിത്തവും!
അവസാനകാലം ആയപ്പോള്‍ അദ്ദേഹം സര്‍വ്വത്ര ആശയക്കുഴപ്പങ്ങളിലായി. കയ്യില്‍ കാശില്ല, കഴിഞ്ഞു കൂടാന്‍ വകയില്ല. കൂടെ നക്‌സലൈറ്റുകള്‍ക്ക് സഹജമായ രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങളും. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കിലും ജനങ്ങള്‍ തന്നെ ഒരു കൊലപാതകി ആയിട്ടാണോ കാണുന്നതെന്ന് സംശയവും. പണിയെടുക്കാന്‍ ആരും വിളിക്കുന്നുമില്ല.
ഞാന്‍ വീടുപണിയാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു, ‘എന്നെ പണിക്ക് നിര്‍ത്താമോ?’ അദ്ദേഹം പണ്ട് നല്ല കൊത്തുപണിക്കാരന്‍ ആയിരുന്നെന്നു ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട്, ഞാന്‍ തടസമൊന്നും പറഞ്ഞില്ല. വീടുപണിയുടെ ആദ്യ ഘട്ടത്തില്‍ അദ്ദേഹം ആയിരുന്നു മേല്‍നോട്ടം. പക്ഷേ, തറപണി കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മുങ്ങി. തിരുവനന്തപുരത്ത് എന്തോ അനീതി നടക്കുന്നുണ്ടത്രെ. അതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനാണ് യാത്ര. എന്തുപറയാന്‍!
നക്‌സലൈറ്റ് ലോകത്തിനു പുറത്തുള്ള പലരേയും ഞാന്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍. സൗഹൃദ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ആളെ വിപ്ലവം മാടി വിളിക്കും. പിന്നെ കുറച്ചുകാലം കാണില്ല.
ഇതിനിടയിലും വായനയും തര്‍ക്കങ്ങളും തുടര്‍ന്നു. വ്യത്യസ്ത തരംഗ ദൈര്‍ഘ്യങ്ങളില്‍ സഞ്ചരിച്ചിരുന്നതുകൊണ്ട് പരസ്പരം വഞ്ചിച്ചു എന്ന തോന്നല്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇല്ല. പിന്നെ, പ്രായത്തിന്റെ അന്തരവും.
ഒടുവില്‍, മരണത്തിന്റെ സന്ദേശ വാഹകന്മാര്‍ വരുമല്ലോ. അദ്ദേഹവും യാത്രയായി. ചടങ്ങ് കഴിഞ്ഞ് അദ്ദേഹത്തിന്റെ വീടിനടുത്ത് ഒരു ചെറിയ അനുശോചന യോഗം. വലിയ ആള്‍ക്കൂട്ടമില്ല. ഞങ്ങള്‍ കുറച്ചുപേര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചെറുവാക്കുകളില്‍ സംഗ്രഹിച്ചു. ചെറിയ വാക്കുകളില്‍ സംഭവബഹുലമായ ഒരു ജീവിതം!
അദ്ദേഹത്തിന്റെ ജയില്‍വാസ കാലത്ത് വായിക്കാന്‍ ഞാന്‍ ജയിലില്‍ കൊടുത്തയച്ച പുസ്തകങ്ങളില്‍ പ്രതിയുടെ ജയില്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. ഇടക്ക് ആ പുസ്തകങ്ങള് ഞാന്‍ മറിച്ചുനോക്കും. എല്ലാം ഓര്‍മ്മകളുടെ തിരുശേഷിപ്പുകള്‍.
കുമ്പളം കൊലക്കേസില്‍ പ്രതി ആയിരുന്ന വേലപ്പനും പോയി. വേലായുധന്‍ ഞങ്ങള്‍ക്ക് വേലപ്പന്‍ ആയിരുന്നു.
സ്വാഭാവികമായും ഈ കഥയില്‍ ഇനി കെ. വേണു പ്രവേശിക്കാതെ വയ്യ.
ഇന്ന്! തീവ്രവാദികള്‍ക്ക് നല്‍കുന്ന പരിവേഷമാണ് അന്ന്! മാധ്യമങ്ങള്‍ കെ. വേണുവിനു നല്‍കിയിരുന്നത്. ദൃശ്യ മാധ്യമങ്ങളൊന്നും നിലവിലില്ലാത്ത കാലമാണ്. അതുകൊണ്ട്, കെ. വേണു എന്നുകേട്ടാല്‍ പരിചയമില്ലാത്തവര്‍ ഭയപ്പെടും.
അദ്ദേഹം സായുധ കലാപത്തിനു പരിശ്രമിക്കുന്ന കാലത്ത് ഞങ്ങള്‍ തമ്മില്‍ അടുപ്പമില്ല. പിന്നീടും ഒരു കാര്യവുമില്ലാതെ ആളുകള്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. അതിന്റെ മറുപക്ഷമാണ് അനുയായികളുടെ ആരാധന. രണ്ടും കെ. വേണുവിന് വേണ്ടത്ര ലഭിച്ചിരുന്നു.
ഒരിക്കല്‍ ജയില്‍ മോചനം കഴിഞ്ഞ് കെ. വേണു പുറത്തിറങ്ങുമ്പോള്‍ അരവിന്ദന്‍ ചേട്ടന്‍ വന്നു പറഞ്ഞു, ‘കെ. വേണുവിന്റെ ഒരു പ്രഭാഷണം സംഘടിപ്പിക്കണം. ഞങ്ങള്‍ ഉണ്ടാകും, പക്ഷേ, ഞങ്ങള്‍ മുന്നില്‍ നിന്നാല്‍ ആളുകള്‍ സംശയിക്കും. അതുകൊണ്ട്, നിങ്ങള്‍ മുന്നില്‍ നിന്നുവേണം നാട്ടില്‍ അതു സംഘടിപ്പിക്കാന്‍’ അരവിന്ദന്‍ ചേട്ടന്റെ ആഗ്രഹമല്ലേ, മീനാരാജും ഞാനും ചേര്‍ന്ന്! പരിപാടി സംഘടിപ്പിച്ചു. നക്‌സലൈറ്റുകളും നാട്ടുകാരും ചേര്‍ന്നപ്പോള്‍ ഒരു ഗംഭീര സദസ്സ്.
അതുപക്ഷേ, ആദ്യത്തെ കാഴ്ച അല്ലായിരുന്നു. അതിനു മുമ്പും പിമ്പും വേണുവിനെ കണ്ടിട്ടുണ്ട്. തീവ്രവാദ രാഷ്ട്രീയമുള്ള വേറേയും സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. മലയാളം വാരികയിലാണ് വേണു അനുഭവക്കുറിപ്പുകള്‍ എഴുതിയത്. അന്ന്! ഞാനും അവിടെയുണ്ട്. അതുമായി ബന്ധപ്പെട്ടും പലപ്പോഴും കാണും. വേണു എപ്പോഴും സത്യസന്ധന്‍, സൗമ്യന്‍.
ഒരിക്കല്‍ പി. ഗംഗാധരന്റെ പേരിലുള്ള പുരസ്‌ക്കാരം ഞങ്ങള്‍ കെ വേണുവിന് നല്‍കിയിട്ടുണ്ട്. പൊതുവെ പുരസ്‌ക്കാരങ്ങള്‍ ! പോലുള്ള കാര്യങ്ങളില്‍ തീരെ താല്പര്യമില്ലാത്ത വേണു ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നത് പലരേയും അത്ഭുതപ്പെടുത്തി. എനിക്കും സന്തോഷം തോന്നി. വേണു ഞങ്ങളുടെ ക്ഷണം മാനിച്ചല്ലോ.
റെബലുകളുടെ ഓരത്തുകൂടിയുള്ള യാത്ര എപ്പോഴും വിസ്മയകരമാണ്. കലയും സാഹിത്യവും അതിന്റെ ചുറ്റുവട്ടങ്ങളില്‍ ഒഴുകുന്നുണ്ടാകും. അഗാധമായ ഗര്‍ത്തങ്ങളിലേക്ക് അവര്‍ എപ്പോള്‍ ഇറങ്ങിപ്പോകുമെന്നോ എപ്പോള്‍ കരകയറുമെന്നോ പ്രവചിക്കാന്‍ വയ്യ.
നക്‌സലൈറ്റ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും എല്ലാക്കാലത്തും അതില്‍ ചില കവികളെ ഞങ്ങളും നിരീക്ഷിച്ചിരുന്നു. അവരുടെ കവിതകള്‍ അവര്‍ എഴുതിയതാണെങ്കിലും ഞങ്ങളുടെ തലമുറയുടെ വികാരമാണ് അവര്‍ രേഖപ്പെടുത്തിയത്. ഏതോ മഹാമാരി പോലെ ആ കാലത്തിന്റെ പ്രേതസഞ്ചാരം അവരുടെ കവിതകളിലൂടെ തരംഗമായി പ്രവഹിക്കുന്നതും ഞങ്ങളുടെ തലമുറ തിരിച്ചറിഞ്ഞു. എം എല്‍ എ ആകുന്നതിനുമുമ്പ് അങ്ങനെയൊരു ഭൂതകാലം കടമ്മനിട്ട രാമകൃഷ്ണനും ഉണ്ടായിരുന്നു. കേരളക്കര മുഴുവന്‍ കവിതകൊണ്ട് ചൂടുപിടിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും മറക്കാന്‍ വയ്യ. അതിനിടയിലാണ് നരേന്ദ്രപ്രസാദിന്റെ വിമര്‍ശന ലേഖനങ്ങള്‍ വരുന്നത്. അതിലെ ഒരു പരാമര്‍ശം അല്പം ഒച്ചപ്പാടുണ്ടാക്കി. ‘ആധുനികതയുടെ ചുവന്ന വാല്‍’ എന്നായിരുന്നു ആ പ്രയോഗം. എതിര്‍പ്പിന്റെ കുന്തമുന നീണ്ടത് സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളക്കും നേരെ. കടമ്മനിട്ടയോടും ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടും മൃദുസമീപനം. വിമര്‍ശകന് അയാളുടേതായ ന്യായങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ ശരിതെറ്റുകള്‍ വായനക്കാര്‍ തീരുമാനിക്കട്ടെ. ഇതുപോലൊരു ചെറു കുറിപ്പില്‍ അത്തരം ചര്‍ച്ചകള്‍ക്ക് വലിയ പ്രസക്തിയില്ലല്ലോ.
ഇതില്‍ നാലു പേരും എനിക്ക് അന്യരല്ല. സൗഹൃദത്തിന്റെ ക്രമത്തില്‍ ആ പേരുകള്‍ അടക്കിവെച്ചാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, കടമ്മനിട്ട രാമകൃഷ്ണന്‍, കെ.ജി.ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍ എന്നിങ്ങനെ ആകും.
കവിതകൊണ്ട് പ്രകമ്പനം സൃഷിക്കുകയായിരുന്നു കടമ്മനിട്ട. എപ്പോള്‍ കവിത ചൊല്ലാന്‍ വിളിച്ചാലും അദ്ദേഹം മഹാരാജാസ് കോളേജില്‍ വരും. ഇടക്ക്, കോളേജിന് തൊട്ടടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസില്‍ ഓഡിറ്റ് ഓഫീസറായും അദ്ദേഹം വരും. അവിടെ ചെന്നാല്‍, ഫയലില്‍ നിന്ന് തല എടുക്കാതെ ജോലി ചെയ്യുന്ന കടമ്മനിട്ടയെ കാണാം. അപ്പോഴും ഞങ്ങള്‍ കോളേജിന്റെ മലയാള വിഭാഗത്തില്‍ കവിത ചൊല്ലാന്‍ വിളിക്കും. അദ്ദേഹം വരും. കവിത ജ്വലിക്കും.
ബാലചന്ദ്രന്‍ ചുള്ളിക്കാട് മഹാരാജാസ് കോളേജിന്റെ ഭാഗംതന്നെയാണ്. അന്നേ പ്രശസ്തന്‍. കവിതചൊല്ലി കേരളം മുഴുവന്‍ അലഞ്ഞു നടക്കുകയാണ് അദ്ദേഹം. വഴിയും സത്യവും ജീവനും അദ്ദേഹത്തിന് കവിതതന്നെ.
അക്കാലത്ത് എപ്പോഴോ ആണ്, ഒരു കവിസമ്മേളനത്തില്‍ സച്ചിദാനന്ദന്റെ കവിത കേട്ട ഒരു യുവകവി, സംവേദനം കൊണ്ട് തലകറങ്ങി താഴെ വീണത്. അത് വലിയ വാര്‍ത്തയായി. അക്കാലത്ത് അതൊക്കെ പത്രങ്ങളില്‍ വലിയ വാര്‍ത്ത ആകുമായിരുന്നു. വാര്‍ത്ത വായിച്ച മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍ അത്ഭുതപ്പെട്ടത്രേ, ‘സായുധ കലാപത്തിനു തയ്യാറെടുക്കുന്ന കുട്ടികള്‍ ഒരു കവിത കേള്‍ക്കുമ്പോള്‍ തന്നെ തലകറങ്ങി താഴെ വീഴാന്‍ തുടങ്ങിയാല്‍ എന്താ കഥ!’
തലകറങ്ങി താഴെവീണ യുവകവി പത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മുന്‍നിരയില്‍ കയറി ഇരുന്നത് മനഃപൂര്‍വ്വം ആയിരുന്നു എന്നും ആക്ഷേപമുയര്‍ന്നു. ഒടുവില്‍ മഹാരാജാസ് കോളേജില്‍ അയാള്‍ക്കൊരു പേരും കിട്ടി, ‘വീണകവി!’
സച്ചിദാനന്ദനെ പലതവണ കണ്ടിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ കവിത വായിക്കാന്‍, സാഹിത്യ ക്യാമ്പുകളില്‍ പ്രഭാഷണത്തിന്, പൊതുപ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍. മലയാളം വാരികയില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍, ‘കവിത കഴിഞ്ഞമാസം’ എന്നൊരു പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
കെ.ജി. ശങ്കരപ്പിള്ളയെ ഓര്‍ക്കുമ്പോള്‍ ബംഗാള്‍ എന്ന കവിത മനസ്സില്‍ വരും. ആളെ പരിചയമാകുന്നതിനും എത്രയോ മുമ്പാണ് ആ കവിതകള്‍ പരിചയമാകുന്നത്. അദ്ദേഹം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി വന്നത് മുതല്‍ക്കാണ് എനിക്ക് സൗഹൃദം . പിന്നീട് അദ്ദേഹം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാള്‍ ആയും പ്രവര്‍ത്തിച്ചു. അക്കാലത്ത് ഞാന്‍ മലയാളം വാരികയില് ആയിരുന്നു. എങ്കിലും ഞങ്ങള്‍ പലതവണ കണ്ടുമുട്ടും. മഹാരാജാസ് കോളേജില്‍, തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍, രാത്രി ഏറെ വൈകുംവരെ സംഭാഷണം തുടരും.
അപാരമാണ് അദ്ദേഹത്തിന്റെ വായന. ചിന്തയില്‍ മൌലികതയുണ്ട്. വിചാരിക്കാത്ത നേരത്ത് നര്‍മ്മം കടന്നുവരും. ഓരോ തവണ കാണുമ്പോഴും സമയം പാഴായില്ല എന്ന തോന്നലാണ് എനിക്ക്. ഇനിയും കാണണം എന്ന തോന്നലും.
ഇതിനിടയില്‍ രണ്ടു റെബലുകളെ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു സന്ദര്ശിച്ചിട്ടുണ്ട്. രണ്ടും കേരളത്തില്‍ ഇതിഹാസം സൃഷ്ടിച്ച സ്ത്രീകള്‍. ഗൌരിയമ്മയും അജിതയും. ഗൌരിയമ്മ ഒരുകാലത്ത് പലതവണ ഞങ്ങളുടെ നാട്ടില്‍ പ്രാസംഗികയായി വരുമായിരുന്നു, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി. നേരിയ വിറയലുള്ള ശബ്ദത്തില്‍ അവര്‍ സംസാരിക്കും. ആയിരങ്ങള് !മുദ്രാവാക്യങ്ങള്‍ വിളിക്കും. അന്തരീക്ഷം വികാരഭരിതമാകും.
അവര്ക്കും ഇ.എ.എസ് ആയിരുന്നു ശത്രുപക്ഷത്ത്. അത്തരം കാര്യങ്ങളുടെ ശരിതെറ്റുകള്‍ എനിക്ക് അറിഞ്ഞുകൂട.
പിന്നീട് പാര്‍ട്ടിയുമായി കലഹിച്ച് അവര്‍ ജെ എസ് എസ് എന്ന പാര്‍ട്ടിയുണ്ടാക്കി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു ബദല്‍ ആകാന്‍ സ്വാഭാവികമായും അവര്‍ക്ക് കഴിഞ്ഞില്ല. പിന്നെ പ്രായം സൃഷ്ടിച്ച പരാധീനതയും.
ഒരിക്കല്‍ അവരുടെ വീട്ടിലും പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ ക്ഷീണിതയായി കിടക്കുകയാണ്. സന്ദര്‍ശകര്‍ ഉണ്ടെന്ന് ആരോ ചെന്നു പറഞ്ഞു. ഞങ്ങള്‍ കുറച്ചുനേരം കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ എഴുന്നേറ്റ് വന്നു. മുമ്പും പലതവണ ഗൗരിയമ്മയെ കണ്ടിട്ടുണ്ടെങ്കിലും ആ കാഴ്ച്ചയില്‍ അവര്‍ കൂടുതല്‍ ക്ഷീണിതയായി തോന്നി. ഓര്‍മ്മകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. സംസാരം പഴയ കാലത്തേക്ക് കടന്നാല്‍ ഓര്‍മ്മകള്‍ ശക്തമാകും. പുതിയ കാലത്തേക്കു വരുമ്പോള്‍ എവിടെയോ ഒരു മങ്ങല്‍ ബാധിച്ചതുപോലെ.
എങ്കിലും അവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ നില്‍ക്കുന്നതായി എനിക്കു തോന്നി.
അതിനും അല്പം മുമ്പാണ് കോഴിക്കോട് കെ. അജിതയുടെ വീട്ടില്‍ ചെല്ലുന്നത്. സായുധ കാലാപത്തിന് ഇറങ്ങി പുറപ്പെട്ട ഒരു ഭൂതകാലം അജിതയ്ക്കും ഉണ്ടായിരുന്നല്ലോ. ഞങ്ങളുടെ തലമുറയ്ക്കും അവര്‍ ഒരു വികാരം ആയിരുന്നു. നീതിയുടെ പക്ഷത്തുമാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു ഒരു ചെറു സംഘത്തില്‍ ആയിരുന്നല്ലോ അവരും.
ഞാന്‍ അവരുടെ വീട്ടില്‍ ചെല്ലുമ്പോളും അവര്‍ ഒരു യുദ്ധത്തിനു നടുവിലാണ്. അന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ആയിരുന്നു ശത്രുപക്ഷത്ത്. ഓര്‍മ്മയുണ്ടാകുമല്ലോ നിങ്ങള്‍ക്കും ആ കാലം. ഐസ്‌ക്രീം പാര്‍ലര്‍ വിവാദവും പെണ്‍ വാണിഭവുമൊക്കെ ചേര്‍ന്ന് കേരളത്തെ കലുഷമാക്കിയ കാലം.
അന്ന് അജിത എന്നോട് പറഞ്ഞു, ‘തോറ്റ യുദ്ധങ്ങള്‍ മാത്രം നടത്തിയ ഒരാളാണ് ഞാന്‍ എന്ന് നിങ്ങളും എന്നെ പരിഹസിക്കുമായിരിക്കും. ശരിയാണ്. ഞാന്‍ നടത്തിയിട്ടുള്ളതെല്ലാം തോറ്റ യുദ്ധങ്ങള്‍ തന്നെയാണ്. പക്ഷേ, ഇനിയും ഞാന്‍ തോല്‍ക്കാന്‍ തയ്യാറാണ്. തോല്‍ക്കുമെന്ന് ഉറപ്പായാലും യുദ്ധം തുടരുക തന്നെ ചെയ്യും’
അജിതയെ കണ്ട സന്തോഷം ഒരു അഭിമുഖമായി ഞാന്‍ കുറിച്ചു. മലയാളം വാരിക ആ ലക്കം കവര്‍ സ്റ്റോറിയായി അതു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പത്മവ്യൂഹത്തില്‍ അകപ്പെട്ട അജിതയായിരുന്നു അതെഴുതുമ്പോള്‍ മനസ്സില്‍. തോല്‍ക്കുന്ന യുദ്ധവും തുടരണം എന്നായിരുന്നു അവര്‍ വീണ്ടും വീണ്ടും എന്നോട് പറഞ്ഞത്. ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല യുദ്ധം വിലയിരുത്തേണ്ടത്. എടുക്കുന്ന നിലപാടിലെ ധാര്‍മ്മികതയാണ് പരമപ്രധാനം.
തിരികെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്ക് തന്നെ വരാം. അവിടെ പിന്നെയും ഉരുള്‍പൊട്ടല്‍ ആരംഭിച്ചു. എം.വി. രാഘവന്‍ പ്രശ്‌നത്തില്‍ എന്നതുപോലെ സമീപകാല പ്രശ്‌നങ്ങളിലും ഒരു പക്ഷത്ത് നായനാര്‍ നിലയുറപ്പിച്ചു. മറുപക്ഷത്ത് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, എം.എ. ബേബി തുടങ്ങിയവര്‍. എം.എം.എസും സി.ഐ.ടി.യു നേതാക്കളും ഉള്‍പ്പടെയുള്ള മറ്റു പ്രഗത്ഭരും നായനാര്‍ പക്ഷത്ത്. അക്കാലത്ത് അങ്ങനെ ആയിരുന്നു മാധ്യമ വാര്‍ത്തകള്‍. ഒടുവില്‍ നായനാര്‍ മറുകണ്ടം ചാടി മുഖ്യമന്ത്രിയായി. പിന്നാലെ ഇ.എം.എസ് മരിച്ചു.
പിന്നെ കുറച്ചുകാലത്തേക്ക് ആരൊക്കെ ഏതൊക്കെ പക്ഷത്താണെന്നോ അവര്‍ എത്രകാലം ആ പക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നോ ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥ. ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കലങ്ങിമറിഞ്ഞ കാലം. എങ്കിലും പരിചയസമ്പനായ കപ്പിത്താനെ പോലെ പിണറായി വിജയന്‍ പാര്‍ട്ടിയുടെ കോട്ട കാത്തു.
അക്കാലത്തെ രാഷ്ട്രീയം വിശകലനം ചെയ്യാനല്ല ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. എങ്കിലും അക്കാലത്ത് വ്യക്തിപരമായ രണ്ട് നഷ്ടങ്ങള്‍ എനിക്ക് ഉണ്ടായി.
ഒന്ന്, എന്‍.കെ. മാധവന്‍. പഴയ സഖാവ്. എന്‍.കെ ഒളിവിലുണ്ടെങ്കില്‍ പച്ചവെള്ളത്തിനു പോലും തീപിടിക്കും എന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.
വളരെ പണ്ട് ആലപ്പുഴ ജില്ലയില്‍ നിന്ന് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കൊച്ചിയിലെ വ്യവസായ മേഖല ലക്ഷ്യമാക്കി വന്നതാണ് എന്‍.കെ. അദ്ദേഹത്തിന് മുമ്പ് പാര്‍ട്ടി അവിടേക്ക് അയച്ച ആളെ എല്ലാവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. ആ മണ്ണിലാണ് പാര്‍ട്ടി വളര്‍ത്താന്‍ എന്‍.കെ വരുന്നത്. അദ്ദേഹം കഠിനമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി വളരുകയും ചെയ്തു.
കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ വികാരനിര്‍ഭരമായ ഒരു അദ്ധ്യായം ആണല്ലോ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം. എം.എം. ലോറന്‍സ്, കെ.സി. മാത്യു തുടങ്ങിയവര്‍ ആ കലാപത്തില്‍ പങ്കെടുത്തവരാണ്. പോലീസുകാര്‍ തടവറയില്‍ അടച്ച എന്‍.കെ. മാധവനെ മോചിപ്പിക്കാന്‍ ആയിരുന്നു ആ പ്രതിഷേധം. അത് വിജയിച്ചില്ല. തടവുമുറിയുടെ പൂട്ട് പൊളിക്കാന്‍ സഖാക്കള്‍ക്ക് കഴിഞ്ഞില്ല. പരാജയപ്പെട്ട പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ ബലിയാടായി എന്‍.കെ മാറി.
ഞാന്‍ മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍.എം. പിയേഴ്‌സണ്‍ ഞങ്ങളുടെ സഖാവ് ആണ്. എന്‍.എം. പിയേഴ്‌സണ്‍ എന്നുപറഞ്ഞാല്‍ എന്‍.കെ യുടെ മകന്‍. ആളും വിപ്ലവകാരിയാണ്. ഞങ്ങള്‍ വല്ലപ്പോഴും പറവൂരിലെ ചിറ്റാറ്റുകരയില്‍ പോകും. അവിടെയാണ് ആ കുടുംബം. അച്ഛനുമായും സംസാരിക്കും.
ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ അദ്ദേഹവും പാര്‍ട്ടിക്ക് പുറത്തായി.
രണ്ടാമത്തെ ആള്‍ വി.ബി. ചെറിയാന്‍ ആണ്. പാര്‍ട്ടിയിലും സി.ഐ.ടി.യു വിലും വലിയ സ്വാധീനമുള്ള നേതാവ്. പാര്‍ട്ടിയുടെ ബുദ്ധിജീവി. ഏതു സൈദ്ധാന്തിക പ്രശ്‌നവും അദ്ദേഹം തലനാരിഴ കീറി പരിശോധിക്കും. നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗങ്ങള്‍ അദ്ദേഹത്തിന് പതിവാണ്. ദൈര്‍ഘ്യമുള്ള ആ പ്രസംഗങ്ങള്‍ സഖാക്കളെ ആകര്‍ഷിക്കും.
പാര്‍ട്ടിക്കകത്ത് വടംവലി രൂക്ഷമായപ്പോഴും ഞാന്‍ ഇരുപക്ഷത്തേയും നേതാക്കളെ അവരുടെ വീട്ടില്‍ പോയി കാണുമായിരുന്നു. അന്ന് മലയാളം വാരികയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് പാര്‍ട്ടിയിലെ വടംവലികളില്‍ ഞാന്‍ കക്ഷിയായിരുന്നില്ല. സ്വാഭാവികമായും അക്കാലത്ത് വി.ബി. ചെറിയാനേയും സന്ദര്‍ശിക്കും.
രാഷ്ട്രീയമല്ലാത്ത രസകരമായ ഒരു ഓര്‍മ്മയും അക്കാലത്തുണ്ട്. വി.ബി. ചെറിയാന്‍ താമസിക്കുന്ന വീടിനടുത്ത് മുസ്ലീങ്ങളുടെ ഒരു തക്യാവ് ഉണ്ട്. മതപരമായ ഒരു ആരാധനാലയം. അവിടെ വാങ്ക് വിളിക്കുന്ന സമയമാകുമ്പോള്‍ അദ്ദേഹം വളര്‍ത്തുന്ന നായയും വാങ്ക് വിളിക്കാന്‍ തുടങ്ങും. ആദ്യം അതുകേട്ട് ഞാനും പരിഭ്രമിച്ചു. അപ്പോള്‍ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു, ‘നിങ്ങളുടെ വളര്‍ത്തു നായക്ക്‌പോലും വാങ്ക് വിളി കേട്ടാല്‍ മനസിലാകും എന്നാണ് ഇവിടത്തെ മുസ്ലീങ്ങള്‍ പറയുന്നത്. അതുകൊണ്ട് നിങ്ങള്‍ പേടിക്കേണ്ട!’
ഒടുവില്‍ വി.ബി ചെറിയാനും പാര്‍ട്ടിക്കു പുറത്തായി. അപ്പോഴും രാത്രി വല്ലാതെ വൈകിയാല്‍ അദ്ദേഹം എറണാകുളം മറൈന്‍ഡ്രൈവില്‍ വരും. കായലും കടലും നോക്കി കുറച്ചുനേരം നില്‍ക്കും. ആ സമയത്ത് ഞാനും ചില സാഹിത്യ സുഹൃത്തുക്കളും മറൈന്‍ഡ്രൈവില്‍ ഉണ്ടാകും. ഞങ്ങള്‍ പരസ്പരം കാണും കുശലപ്രശ്‌നങ്ങള്‍ കൈമാറും.
ആയിടക്ക് ഒരു ദിവസം കണ്ണൂരില്‍ നിന്ന് കഥാകൃത്ത് ടി.എന്‍. പ്രകാശ് വിളിക്കുന്നു. ‘സൂക്ഷിക്കണം അധികം സമ്പര്‍ക്കും വേണ്ട. വി.ബി. ചെറിയാന്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്’
എന്‍.കെ. മാധവനും വി.ബി. ചെറിയാനും ഓര്‍മ്മയില്‍ മറഞ്ഞു. തീവ്രമായ ഒരു കാലഘട്ടവും ഓര്‍മ്മയായി.
ഞാന്‍ കണ്ട റെബലുകളുടെ പട്ടികയില്‍ ഇനിയും ചിലര്‍ അവശേഷിക്കുന്നുണ്ട്. കവിതയും നാടകവും ലേഖനങ്ങളുമായി സിവിക് ചന്ദ്രന്‍. അദ്ദേഹവും നക്‌സലൈറ്റ് സ്‌കൂളിലാണ് പഠനം തുടങ്ങിയത്. എപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയും. ജയിലിലും തെരുവിലും അദ്ദേഹം ഉണ്ടാകും. അദ്ധ്യാപകന്‍ ആയതുകൊണ്ട് അദ്ദേഹത്തിന് ശിഷ്യന്മാരും ധാരാളം.
റെബലുകള്‍ രൂപപ്പെടുന്നതിനു പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങള്‍ ഉണ്ടാകും. നമുക്കത് മനസിലായില്ലെങ്കിലും അവരില്‍ ആ രാഷ്ട്രീയ ധാര അന്തര്‍ലീനമാണ്. പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ കാരണങ്ങള്‍ ഉള്ളതുപോലെ പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. വിധിയുടെ നിഗൂഢ സൈന്യത്തിനു വിധേയരാണ് മനുഷ്യര്‍ എന്ന് അവര്‍ വിശ്വസിക്കുന്നേയില്ല. അവര്‍ അവര്‍ക്ക് ശരിയെന്നു തോന്നുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നു.
അപ്പോഴും ഒരു സംശയം ബാക്കി. ഒരിക്കല്‍ കോട്ടയത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഒരു പ്രകടനം വരികയാണ്. അവരുടെ മുദ്രാവാക്യങ്ങള്‍ ഇങ്ങനെ കേള്‍ക്കാം, ‘പിക്കറ്റ് ചെയ്യും ഞങ്ങള്‍ പിക്കറ്റ് ചെയ്യും ഞങ്ങള്‍’ ഏതോ സര്‍ക്കാര്‍ ഓഫീസ് പിക്കറ്റ് ചെയ്യാന്‍ പോകുന്നവരാണെന്ന് തോന്നുന്നു. അപ്പോള്‍ മറ്റൊരു തെരുവിലൂടെ ജോണ്‍ എബ്രഹാം നയിക്കുന്ന ഒരു ഏകാംഗ ജാഥ, ‘ബിസ്‌ക്കറ്റ് തിന്നും ഞങ്ങള്‍ ബിസ്‌ക്കറ്റ് തിന്നും ഞങ്ങള്‍…’
എന്തായിരുന്നു ജോണ്‍ വിനിമയം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന രാഷ്ട്രീയം? ആര്‍കറിയാം!

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 

#എംവി ബെന്നി

Tags: MV Benny
Share7TweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies