കൊച്ചി: ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മൂന്ന് പേരും വ്യത്യസ്ത ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് ആവശ്യപ്പെടുക.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷ്ണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും. അതിനിടെ തുലാമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ വനിത പൊലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങള്‍ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം.
പമ്പയില്‍ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. സ്ത്രീകളെത്തി തിരക്കു കൂടുകയാണെങ്കില്‍ മാത്രമേ നിലവിലുള്ള ക്രമീകരണത്തില്‍ മാറ്റം വരുത്താനും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാനും നടപടിയെടുക്കുകയുള്ളൂ എന്നും ഉന്നത പൊലിസ് വൃത്തങ്ങളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയില്‍ ആവശ്യത്തിന് വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് സര്‍ക്കാര് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു തന്നെയായിരുന്നു പൊലീസ് ഡിജിപിയടക്കമുള്ളവരുടെയും നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയാണ്. നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയിരുന്നു. വനിതാ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കുലറടക്കം ദേവസ്വം ബോര്‍ഡ് പുറത്തിറക്കുകയും ചെയ്തു. മണ്ഡല- മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറാണ് സര്‍ക്കുലര്‍ ഇറക്കിയത്.
Discussion about this post