ജമ്മു കശ്മീരിലെ പോലീസ് കോണ്‍സ്റ്റബിളായിരുന്ന മന്‍സൂര്‍ അഹ്മദ് നായികിന് മരണാനന്തരം ശൗര്യ ചക്ര നല്കി രാജ്യം ആദരിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റമുട്ടലിലായിരുന്നു മന്‍സൂര്‍ അഹ്മദ് നായിക് വീരമൃത്യു വരിച്ചത്.
ബാരമുള്ള ജില്ലയിലെ ഉറി സ്വദേശിയായ മന്‍സൂര്‍ അഹ്മദ് നായിക് ഹഫ്ഫു നിഗീന്പോര ഗ്രാമത്തില്‍ വെച്ച് 2017 മാര്‍ച്ച് 5നായിരുന്നു കൊല്ലപ്പെട്ടത്. അദ്ദേഹം ജമ്മു കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും ഒരുമിച്ച് നടത്തിയ ഒരു ഓപ്പറേഷന്റെ ഭാഗമായിരുന്നു.
ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ വധിക്കാന്‍ വേണ്ടി മന്‍സൂര്‍ അഹ്മദ് നായിക് വീടിന് ചുറ്റും സ്ഫോടക വസ്തുക്കള്‍ വിജയകരമായി വെച്ചിരുന്നു. തുടര്‍ന്ന് നടന്ന സ്ഫോടനത്തിന് ശേഷം വീടിന്റെ ബാക്കി അവശേഷിച്ച് ഭാഗങ്ങളും തകര്‍ക്കാന്‍ വേണ്ടി അദ്ദേഹം വീണ്ടു വീടിനടുത്തേക്ക് പോകുന്ന വേളയിലായിരുന്നു ഭീകരര്‍ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. ബുള്ളറ്റുകള്‍ ശരീരത്തിനകത്തേക്ക് തുളഞ്ഞ് കയറിയിട്ടും അദ്ദേഹം വീടിന്റെ ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിരുന്നു.
മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് 33 വയസ്സായിരുന്നു. മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രസവിക്കുകയും ചെയ്തിരുന്നു.
മന്‍സൂര്‍ അഹ്മദ് നായിക് ഭാഗമായിരുന്ന ഓപ്പറേഷനില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ പക്കല്‍ നിന്നും എ.കെ-47 തോക്കുകളും മറ്റ് ആയുധങ്ങളും വീണ്ടെടുത്തിരുന്നു.
Discussion about this post