ഒരു അഭിഭാഷകന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ വക്കീല്‍ നോട്ടീസ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയാണ് നോട്ടീസ് അയച്ചത്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തെപ്പറ്റി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഒരു മസാലയുടെ പരസ്യത്തിലാണ് അമിതാഭ് ബച്ചന് അഭിഭാഷകന്റെ വേഷത്തില്‍ വന്നത്. മസാലയുടം കമ്പനിക്കും യൂ ട്യൂബിനും പരസ്യം സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കും ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അഭിഭാഷകന്റെ വസ്ത്രം ഉപയോഗിക്കുന്നതിന് മുമ്പ് നിയമപരമായി വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലായെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഡല്‍ഹി ബാര്‍ കൗണ്‍സിലിനു പുറമേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും എല്ലാ സംസ്ഥാനങ്ങളിലെയും ബാര്‍ കൗണ്‍സിലുകള്‍ക്കും വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഭാവിയില്‍ അഭിഭാഷക വേഷം പരസ്യ ചിത്രീകരണത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ബച്ചനും പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങളും കൂടുതല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. ഇതിന് മുമ്പ് അമിതാഭ് ബച്ചന് തന്നെ അഭിനയിച്ച ഒരു പരസ്യത്തെ എതിര്‍ത്ത് ബാങ്കിംഗ് കമ്പനികള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ആ പരസ്യം പിന്‍വലിക്കുകയായിരുന്നു.
Discussion about this post