നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിനെ പരിക്കേറ്റയുടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയത് പോലീസ് പറഞ്ഞിട്ടെന്ന് ആംബുലന്‍സ് ഡ്രൈവറായ അനീഷ് വ്യക്തമാക്കി. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നും അനീഷ് വ്യക്തമാക്കുന്നു.
രാത്രി 10 മണി കഴിഞ്ഞപ്പോഴാണ് താന്‍ സംഭവസ്ഥലത്തെത്തിയതെന്നും തുടര്‍ന്ന് സനലിന്റെ ശരീരം നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനും കയറിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിന് പകരം നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ആംബുലന്‍സ് പതുക്കെ ഓടിക്കാനും പോലീസ് പറഞ്ഞുവെന്ന് അനീഷ് വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയില്‍ സനലിനെ എത്തിച്ചപ്പോള്‍ അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് സനലിനെ മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടക്ക് വണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ പോലീസ് പറയുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയയുടന്‍ മറ്റൊരു പോലീസുകാരന്‍ വന്ന് ആംബുലന്‍സില്‍ കയറിയെന്നും ആദ്യമുണ്ടായിരുന്നു പോലീസുകാരന്‍ ഇറങ്ങിപ്പോവുകയുമുണ്ടായെന്ന് അനീഷ് പറയുന്നു. അതിന് ശേഷമായിരുന്നു മെഡിക്കല്‍ കോളേജിലേക്ക് പോയത്.
അതിനിടെ ഒളിവില്‍ പോയിരിക്കുന്ന ഡി.വൈ.എസ്.പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഹരികുമാര്‍ തന്റെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് വെച്ചിരിക്കുന്നത്.
Discussion about this post