പാക്കിസ്ഥാന് ഭീകരരെ സംരക്ഷിക്കുന്നുവെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊല്ലപ്പെട്ട തീവ്രവാദി ഒസാമ ബിന്‍ ലാദനെ പാക്കിസ്ഥാന് സംരക്ഷിക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന് യു.എസിന് വേണ്ടി ഒന്നും ചെയ്യാത്തതിനാല്‍ തങ്ങള്‍ പാക്കിസ്ഥാന് നല്കി വന്ന ധന സഹായം നിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന് പ്രതിവര്‍ഷം യു.എസ് 1.3 ബില്ല്യണ്‍ ഡോളര്‍ നല്‍കിക്കൊണ്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന് യു.എസിന് വേണ്ടി ഒന്നും ചെയ്യാത്തത് കൊണ്ടാണ് താനത് നിര്ത്തലാക്കിയെതന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷം കൊണ്ട് 33 ബില്ല്യണ്‍ ഡോളറാണ് യു.എസ് പാക്കിസ്ഥാന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് യു.എസിന് നല്‍കിയത് നുണകളും ചതികളും മാത്രമാണന്നും ട്രംപ് കുറ്റപ്പെടുത്തി.
യു.എസ് വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ വെച്ച് നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് പാക്കിസ്ഥാനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരതയ്ക്കെതിരെ മോദി മൈക്ക് പെന്‍സുമായി സംസാരിച്ചിരുന്നു. പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പിനിടെ തീവ്രവാദത്തിനെ മുഖ്യധാരാവല്ക്കരിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നും മോദി പറഞ്ഞിരുന്നു.
യു.എസ് അഫ്ഗാനിസ്ഥാനില്‍ വേട്ടയാടുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന് സംരക്ഷണം നല്‍കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘പാക്കിസ്ഥാനിലെ മിലിട്ടറി അക്കാദമിക്ക് സമീപം ഒരു കൊട്ടാരത്തിലായിരുന്നു ബിന്‍ ലാദന് താമസിച്ചിരുന്നത്. പാക്കിസ്ഥാനിലുള്ള എല്ലാവര്ക്കും ലാദന് അവിടെയുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
Discussion about this post