തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്ലീം പ്രീണനമുള്ളതായി റിപ്പോര്‍ട്ട്. പത്രികയില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് മാത്രമായി സ്കൂളുകളും സര്‍ക്കാരിന്റെ കരാറുകളും വാഗ്ദാനം ചെയ്യുന്നു.
പള്ളികളില്‍ സൗജന്യ വൈദ്യുതി, മുസ്ലീം യുവതയ്ക്ക് സര്‍ക്കാര്‍ കരാറുകളില്‍ പ്രത്യേക അവസരങ്ങള്‍, പാവപ്പെട്ട് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം, ന്യൂനപക്ഷത്തിന് വേണ്ടിയുള്ള ഹോസ്പിറ്റല്‍ എന്നിവയാണ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളത്. ഇത് കൂടാതെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന കമ്പനികള്‍ക്ക് ശിക്ഷ നല്‍കുമെന്ന് പത്രികയില്‍ പറയുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കാനുള്ള പത്രികയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസും, സി.പി.എമ്മും, തെലുഗു ദേശം പാര്‍ട്ടിയും, തെലങ്കാന ജന സമിതിയും, പീപ്പിള്‍സ് ഫ്രണ്ടും സംയുക്തമായി ചേര്‍ന്നിറക്കുന്ന പ്രകടന പത്രികയ്ക്ക് പുറമെ കോണ്‍ഗ്രസ് ഒറ്റയ്ക്കിറക്കുന്ന പത്രികയാണ് വിവാദമായിരിക്കുന്നത്.
വര്‍ഗ്ഗീയതയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിറമെന്നും കോണ്‍ഗ്രസ് ഒരിക്കലും സമത്വത്തില്‍ വിശ്വസിച്ചിട്ടില്ലെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലീം പ്രീണനത്തിലേര്പ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഈ പ്രകടന പത്രിക വ്യാജമാണെന്നും ഇത് തയ്യാറാക്കിയതിന് പുറകില്‍ ആരാണെന്ന് പരിശോധിക്കുമെന്നും തെലങ്കാന കോണ്‍ഗ്രസ് ട്രഷറര്‍ ഗുഡൂര്‍ നാരായണ റെഡ്ഡി വ്യക്തമാക്കി. തന്റെ പാര്‍ട്ടി പ്രീണനത്തില്‍ വിശ്വസിക്കുന്നില്ലെന്ന് തെലങ്കാന് കോണ്‍ഗ്രസ് വക്താവ് ഷുജത്ത് അലി പറഞ്ഞു.
അതേസമയം ഈ പ്രകടന പത്രിക ദൗര്‍ഭാഗ്യകരമായ ഒന്നാണെന്ന് തെലങ്കാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് പദവിയില്‍ നിന്നും രാജി വെച്ച അബിദ് റസൂല്‍ ഖാന് പറഞ്ഞു. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post