ഡല്‍ഹി: പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മയായ ‘സാര്‍ക്’ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല. ഭീകരതയും സന്ധിസംഭാഷണവും ഒന്നിച്ചു നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇന്ത്യയിലെ ഭീകരത പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിക്കുന്ന നിമിഷം ചര്‍ച്ച പുനരാരംഭിക്കാമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് പറഞ്ഞു.
കര്‍ത്താര്‍പുര്‍ ഇടനാഴി പദ്ധതിക്ക് പാക്കിസ്ഥാനുമായി സഹകരിക്കുന്നു എന്നല്ലാതെ, ഭീകരത സ്പോണ്സര് ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി സന്ധിയില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.
ഇസ്ലാമാബാദില് നടക്കുന്ന സാര്‍ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. ലാഹോറില്‍ കര്‍ത്താര്‍പുര്‍ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങില്‍ പഞ്ചാബിലെ മന്ത്രി നവജോത്സിങ് സിദ്ദുവും രണ്ടു കേന്ദ്രമന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ-പാക് സംഭാഷണങ്ങള്‍ 2013ല്‍ നിര്‍ത്തിവെച്ചതാണ്. ഉഭയകക്ഷി സംഭാഷണവും കര്‍ത്താര്‍പുര്‍ ഇടനാഴിയും വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ്. രണ്ടു പതിറ്റാണ്ടായി ആവശ്യപ്പെടുന്ന ഇടനാഴി പദ്ധതിയോട് പാക്കിസ്ഥാന് ഇപ്പോള്‍ അനുകൂലമായി പ്രതികരിച്ചു. അതിന്റെ പേരില്‍ മാത്രം ഉഭയകക്ഷി സംഭാഷണം പുനരാരംഭിക്കുന്നു എന്ന് അര്‍ഥമാക്കേണ്ടതില്ലെന്നും സുഷമാസ്വരാജ് പ്രതികരിച്ചു.
Discussion about this post