കോട്ടയം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പ്രതികരിച്ചു. കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത്തരത്തില്‍ ആവശ്യമുന്നയിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ച സമയത്ത് അദ്ദേഹത്തെ പെട്ടെന്നു സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കരുതെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി.
Discussion about this post