കന്നിവോട്ടർമാരെ ആകർഷിക്കാൻ യൂത്ത് ഐക്കണാക്കി:മമിതയ്ക്ക് പക്ഷേ വോട്ടില്ല; ഉൾക്കാട്ടിൽ ഷൂട്ടിംഗിലായതിനാൽ പേര് ചേർക്കാനായില്ലെന്ന് താരം
കോട്ടയം; വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് ഇത്തവണ വോട്ടില്ല. സ്വീപ് യൂത്ത് ഐക്കൺ ആയാണ് താരത്തെ തെരഞ്ഞെടുത്തത്. എന്നാൽ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതോടെയാണ് താരത്തിന് കന്നിവോട്ട് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് കുടുംബം അറിയുന്നത്.
വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും വോട്ടിങ് സാക്ഷരത വർധിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായ കോട്ടയം മണ്ഡലത്തിലെ ഐക്കണുകളിൽ നടി മമിതാ ബൈജുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് വോട്ട് നഷ്ടമാവുകയായിരുന്നു.
സിനിമാ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതോടെയാണു വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് മമിത പറയുന്നു. താൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങിന്റെ ഭാഗമായി തമിഴ്നാട്ടിലായിരുന്നു. പരിമിതമായ സമയക്രമം ആയിരുന്നതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിലെ ഉൾവനം ആയിരുന്നു ലൊക്കേഷൻ. ഈസ്റ്റർ കാലത്തുപോലും വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. രണ്ടു മാസക്കാലമാണ് ഈ കാലയളവിൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ടതായി വന്നത്. വോട്ടർ പട്ടികയിൽ അന്തിമമായി പേര് ചേർക്കേണ്ട സമയം അതായിരുന്നു. അതുകൊണ്ടു മാത്രമാണ് അവസാന പട്ടികയിൽ തന്റെ പേരില്ലാതെ പോയതെന്ന് താരം പറയുന്നു.
വോട്ടില്ലെന്ന് പപ്പ നേരത്തേതന്നെ പറഞ്ഞിരുന്നു. മാർച്ച് 25 നു മുൻപായി പേര് റജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ തനിക്കതിനു സാധിച്ചില്ലെന്ന് താരം പ്രതികരിച്ചു.
Discussion about this post