പാലക്കാട്: നടൻ മേഴത്തൂർ മോഹനൻ നമ്പൂതിരി അന്തരിച്ചു. 74 വയസ്സായിരുന്നു. 50 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. മലപ്പുറം തിരൂർ സ്വദേശിയാണ്.
രാവിലെയോടെയായിരുന്നു മരണവാർത്ത പുറത്തുവന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു അദ്ദേഹമെന്നാണ് സൂചന. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
നാടകത്തിലൂടെയായിരുന്നു മോഹനകൃഷ്ണൻ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. നാടക നടനായിരിക്കെ തിരക്കഥാകൃത്തി ലോഹിതദാസ്, സംവിധായകൻ ജയരാജ് എന്നിവരുമായി അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പമായിരുന്നു സിനിമയിലേക്കുള്ള വാതിലുകൾ അദ്ദേഹത്തിന് പുറന്നുനൽകിയത്.
കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉൾപ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു.
തൃത്താല ഹൈസ്‌കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
Discussion about this post