പത്തനംതിട്ട:നേരത്തെ പോലിസ് തടഞ്ഞ് തിരിച്ചയച്ച ട്രാന്‍സ്‌ജെന്ററുകള്‍ ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്തി. ആചാരങ്ങള്‍ പാലിച്ച് പതിനെട്ടാംപടി കയറിയാണ് ദര്‍ശനം നടത്തിയത്.പൊലീസ് അകമ്പടിയിലായിരുന്നു ഇവര്‍ മല കയറിയത്. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു, ദര്‍ശനത്തിന് തടസ്സമില്ലെന്ന് പന്തളം കൊട്ടാരവും, തന്ത്രിമാരുെ അറിയിച്ചിരുന്നു.
അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുറപ്പെട്ടത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ എരുമേലിയില്‍ വെച്ച് പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസിന്റെ നിലപാട്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചത്. പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.ഡിവൈഎസ്പി അപമാനിച്ചുവെന്നും പരാതി ഉയര്‍ന്നു.
Discussion about this post