ഇന്ത്യാ-ചൈന ബന്ധത്തില്‍ കൂടുതല്‍ സഹകരണം ഉണ്ടാകും. പത്ത് വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കുടുതല്‍ സഹകരിക്കുമെന്നറിയിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ‘സഹകരണത്തിന്റെ ദശസ്തംഭങ്ങള്‍’ക്കാണു രൂപം നല്‍കുകയെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.
ജനങ്ങളുടെ നേരിട്ടും സാംസ്‌കാരികപരമായ ആശയ വിനിമയത്തിലൂടെയും ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇരു രാജ്യങ്ങളും കണക്കുകൂട്ടുന്നത്. വിദ്യാഭ്യാസം, ടിവി സിനിമ മേഖല, ടൂറിസം, സ്‌പോര്‍ട്‌സ്, പരമ്പരാഗത ചികില്‍സ, യോഗ എന്നീ മേഖലകളിലാണ് കൂടുതല്‍ സഹകരണം നടക്കുക. യുവാക്കളുടെ പരസ്പര സന്ദര്‍ശനത്തിലൂടെയും നഗരങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയും സൗഹാര്‍ദത്തിന്റെ പുതുവഴികള്‍ തേടും.
അതേസമയം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനായി ശ്രമങ്ങല്‍ നടക്കുന്നുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ബന്ധം മെച്ചപ്പെടുന്നതോടെ അതിര്‍ത്തി മേഖലകളില്‍ സമാധാനവും സഹവര്‍ത്തിത്വവും വളരുമെന്നും സുഷമാ സ്വരാജ് കണക്ക് കൂട്ടുന്നു. ഇന്ത്യയുടെയും ചൈനയുടെയും ബന്ധം മെച്ചപ്പെടുന്നത് ലോകത്തിന് തന്നെ ഗുണകരമാകുന്നതായിരിക്കും.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ഇവര്‍ തമ്മില്‍ വുഹാന്‍ ഉച്ചകോടിയിലായിരുന്നു ചര്‍ച്ച നടന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷമൊഴിവാക്കുന്നതിന് ഇരുവരും തീരമാനങ്ങളെടുത്തിരുന്നു.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ കമ്മി വര്‍ധിക്കുന്നതിന് പരിഹാരം കാണണമെന്നും ഇന്ത്യയുടെ സാധന സാമഗ്രികള്‍ക്ക് ചൈനയുടെ വിപണി തുറന്നു കൊടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
Discussion about this post