മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യത്തെ മുന്നൂറോളം ബിഷപ്പുമാര്‍ക്ക് കത്തെഴുതി. ക്രിസ്മസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. മോദി സര്‍ക്കാര്‍ പള്ളികളെ പോലെത്തന്നെ പാവപ്പെട്ടവരെ സേവിക്കുകയാണ് ചെയ്ത് പോരുന്നതെന്ന് അദ്ദേഹം കത്തില്‍ വിവരിച്ചു.
രാജ്യത്ത് 9.5 കോടി ശൗചാലയങ്ങള്‍ മോദി സര്‍ക്കാര്‍ നിര്‍മ്മിച്ചുവെന്നും 5.8 കോടി എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്തുവെന്നും കത്തില്‍ പറയുന്നു. നിര്‍ധനരായ 30 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് സൗകര്യം നേടിക്കൊടുത്തുവെന്നും കത്തില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതിന് പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2.63 കോടി ഭവനങ്ങളില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചെന്നും അല്‍ഫോന്‍സ് കണ്ണന്താനം കത്തിലൂടെ ചൂണ്ടിക്കാട്ടി. ഇത് കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 1.30 കോടി ഭവനങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയെന്നും കത്തില്‍ പറയുന്നു.
ഒരു മന്ത്രിയെന്ന് നിലയില്‍ പാവങ്ങളെ സേവിക്കുക എന്നത് തന്റെ കടമയാണെന്നും സഭയുമായി ബന്ധപ്പെട്ട് എന്തുപ്രശ്‌നമുണ്ടായാലും അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും എത്രയും വേഗം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
Discussion about this post