ഡല്‍ഹി: സിഖ് വംശഹത്യയെ ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന ബഹുമതി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നു. പഞ്ചാബില്‍ രാജീവിന്റെ പ്രതിമക്ക് നേരെ സിഖ് യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടു. ശിരോമണി അകാലിദളിന്റെ യുവസംഘടനയിലെ പ്രവര്‍ത്തകരായ ഗുര്‍ദീപ് ഗോഷ, മീത്പാല്‍ സിംഗ് ദുര്‍ഗി എന്നിവരാണ് ലുധിയാനയിലുള്ള പ്രതിമ ആക്രമിച്ചത്. പ്രതിമയില്‍ രാജീവിന്റെ മുഖത്ത് കരി ഓയിലൊഴിച്ച പ്രവര്‍ത്തകര്‍ കൈകളില്‍ ചുവപ്പ് പെയിന്റടിച്ചു. സിഖുകാരെ കൂട്ടക്കൊല ചെയ്തത് രാജീവാണെന്നും അതിന്റെ ചോരക്കറ അദ്ദേഹത്തിന്റെ കൈകളില്‍ ഉണ്ടെന്നും ഇവര്‍ ആരോപിച്ചു. കൂട്ടക്കൊലക്ക് ഉത്തരവാദിയായ ഒരാള്‍ക്ക് രാജ്യത്തിന്റെ ബഹുമതി നല്‍കിയത് ശരിയല്ലെന്നും ഗുര്‍ദീപ് ചൂണ്ടിക്കാട്ടി.
സിഖ് വംശഹത്യയില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍കുമാറിന് ദല്‍ഹി ഹൈക്കോടതി അടുത്തിടെ ജീവപര്യന്തം തടവ് വിധിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടക്കൊല നടത്തിയത്. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് പറഞ്ഞ് രാജീവ് ഗാന്ധി വംശഹത്യയെ ന്യായീകരിച്ചിരുന്നു. അയ്യായിരത്തോളം സിഖുകാരെ കൊന്നൊടുക്കിയതായാണ് അനൗദ്യോഗിക കണക്കുകള്‍.
പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലുപയോഗിച്ച് കഴുകി വൃത്തിയാക്കി. പോലീസ് അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു. കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. രാജീവിന്റെ ഭാരതരത്‌ന ബഹുമതി തിരിച്ചെടുക്കണമെന്ന് ദല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി പ്രമേയം പാസാക്കിയിരുന്നെങ്കിലും വിവാദമായതോടെ മലക്കം മറിഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ഭാരതരത്‌ന തിരിച്ചെടുക്കാന്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ ശിരോമണി അകാലിദളും രംഗത്തെത്തി.
Discussion about this post