പാര്‍ലമെന്റില്‍ ഇന്നലെ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യപ്പെട്ട വേളയില്‍ മുസ്ലീം ലീഗിന്റെ എം.പി പി.കെ.കുഞ്ഞാലിക്കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. മുത്തലാഖ് ബില്‍ പോലുള്ള നിയമങ്ങളെ എതിര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്ക് അയക്കണമെന്ന പ്രഖ്യാപിച്ച സമസ്തയില്‍ അതൃപ്തി ഉയരുന്നുണ്ട്.
ബില്‍ ഇന്നലെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഒരു വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഈ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി ബന്ധു നിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി.ജലീലുമായി വേദി പങ്കിടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതല്ലായെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. പാര്‍ലമന്റെില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ അങ്ങോട്ട് അയക്കരുതെന്ന് ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സമുദായത്തോട് ലീഗ് ചെയ്ത അപരാധമാണെന്നും ജലീല്‍ വ്യക്തമാക്കി.
ബില്ലിനെ ലോക്സഭയില്‍ 11 എം.പിമാരായിരുന്നു എതിര്‍ത്തത്. ഇതില്‍ സി.പി.എം എം.പിമാരും ആര്.എസ്.പിയുടെ എന്‍.കെ.പ്രേമചന്ദ്രന് എം.പിയും മുസ്ലീം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറും ഉള്‍പ്പെടും. എന്നാല്‍ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ പങ്കെടുത്തിരുന്നില്ല.
ഇതിന് മുന്‍പും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുത്തലാഖ് ഓര്‍ഡിനന്‍സ്, ബാല നീതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലീം ലീഗ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് ഒക്ടോബറില്‍ കോഴിക്കോട് വെച്ച് നടന്ന സമസ്തയുടെ ശരീഅത്ത് സമ്മേളനത്തില്‍ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചിരുന്നു.
Discussion about this post