ശബരിമലയില്‍ നടക്കുന്നത് ഹൈന്ദവര്‍ക്കെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത യുവതി പ്രവേശനത്തിലൂടെ ആചാരലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കെ.എച്ച്.എന്‍.എ പറഞ്ഞു. അയ്യപ്പ ഭക്തരെ അവഹേളിക്കാനായി ആക്റ്റിവിസ്റ്റുകളെ ഇരുട്ടിന്റെ മറവില്‍ നീചമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ എത്തിക്കുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും കെ.എച്ച്.എന്‍.എ പറഞ്ഞു. അന്തിമ വിജയം എന്നും ധര്‍മ്മത്തിന്റേതായിരിക്കുമെന്നും കെ.എച്ച്.എന്‍.എ പറഞ്ഞു.
സര്‍ക്കാര്‍ ക്ഷമിക്കാനാകാത്ത തെറ്റാണ് ഹൈന്ദവരോട് ചെയ്തിരിക്കുന്നതെന്നും ഒരു സംഘടിതമായ വോട്ട് ബാങ്കല്ല എന്ന ന്യൂനത മുതലെടുത്ത് ഹൈന്ദവ വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങള്‍ക്കു പുല്ലുവില കല്‍പ്പിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം അവരുടെ നാശത്തിനു കാരണമാകുമെന്ന് കെ.എച്ച്.എന്‍.എ ചൂണ്ടിക്കാട്ടി. ഇതിനെക്കാള്‍ വലിയ സംഘടിത ആക്രമണങ്ങള്‍ അതിജീവിച്ച ചരിത്രമാണ് ഹൈന്ദവര്ക്കുള്ളതെന്നും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
‘കേരളം മുഴുവന്‍ തെളിഞ്ഞ അയ്യപ്പ ജ്യോതി ഓരോ ഭക്തന്റെയും മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കുമ്പോള്‍ ഭയപ്പെടുന്നത് അതിന്റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞവരാണ്. അത് കൊണ്ട് മതില് പണിതു യൂദാസുമാരെ ഉപയോഗിച്ച് ജാതി വിഭജനം നടത്താന്‍ ശ്രമിച്ചിട്ടും കേരളത്തിലെ ഹിന്ദുക്കള്‍ മുന്‍പില്ലാത്ത വിധം ഒരേ മനസോടെ ശരണ മന്ത്രം ഉരുവിട്ട് മുന്നോട്ടു തന്നെ പോകും,’ കെ.എച്ച്.എന്‍.എ പറയുന്നു.
വടക്കന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ.രേഖാ മേനോന് പറഞ്ഞു. ഹൈന്ദവരെ പിന്നില്‍ നിന്നും കുത്തുന്ന ജാതി കോമരങ്ങളെയും ഹൈന്ദവരെ അസൂയയോടെ കാണുന്ന കുറച്ചു മാത്രം വരുന്ന വര്‍ഗീയ വാദികളെയും നിഷ്പ്രഭമാക്കി ഹൈന്ദവര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ അതില്‍ ചെറുതെങ്കിലും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കെ.എച്ച്.എന്‍.എ ഉണ്ടാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന് വ്യക്തമാക്കി.
Discussion about this post