യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ കരാര്‍ നടക്കാതെ പോയത് കൃസ്ത്യന്‍ മിഷേല്‍ ഇടപെട്ടത് മൂലമാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. റാഫേലിന്റെ എതിരാളിയായ യൂറോഫൈറ്റര്‍ എന്ന കമ്പനിക്ക് വേണ്ടി മിഷേല്‍ സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.
‘മിഷേല്‍ മാമന് വേറെ ചില കമ്പനിക്കായി സ്വാധീനിക്കുകയായിരുന്നു. നേരത്തെ ശബ്ദമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കന്മാര് ഇപ്പോള്‍ മറപുടി പറഞ്ഞേ തീരു. കാവല്ക്കാരന് ഇതേപ്പറ്റി ചോദിക്കില്ലെന്ന് കരുതിയോ?’ മോദി ചോദിച്ചു. സോലാപൂരില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഫലം പറ്റിയ ആളുകളുടെ സുഹൃത്തുക്കള്‍ കാവല്‍ക്കാരനെ ഭയപ്പെടുത്താമെന്ന് സ്വപ്നം കാണുകയാണെന്നും താന്‍ അവര്‍ക്കെതിരെയുള്ള ശുദ്ധികലശം തുടരുക തന്നെ ചെയ്യുമെന്ന് മോദി വ്യക്തമാക്കി.
ദസോളുമായി റാഫേല്‍ കരാര്‍ ഇന്ത്യ ഒപ്പിടുന്നതിന് മുന്‍പ് യൂറോഫൈറ്ററിന് വേണ്ടി കൃസ്ത്യന്‍ മിഷേല്‍ സ്വാധീനം ചെലുത്തിയെന്ന് മറ്റൊരു അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് മധ്യസ്ഥനില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ നിന്നാണ് വ്യക്തമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി കുറ്റത്തിന് പിടിയിലായ കൃസ്ത്യന്‍ മിഷേല്‍ രാഹുല്‍ ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും അടുപ്പം പുലര്‍ത്തുന്നയാളാണെന്ന് ബി.ജെ.പി മുന്‍പ് ആരോപിച്ചിരുന്നു.
Discussion about this post