ഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയുടെ വെളിപ്പെടുത്തല്‍. രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് വേണ്ടിയായിരുന്നുവെന്ന് കെ.വി.സയന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് സയന്‍.
മോഷണത്തിന് പിന്നാലെ ഒന്നാംപ്രതി കനകരാജും സയന്റെ ഭാര്യയും മകളും വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
കവര്‍ച്ചയുടെ മുഖ്യസൂത്രധാരനും എസ്റ്റേറ്റിലെ ഡ്രൈവറുമായ കനകരാജായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. അഞ്ചുകോടി രൂപയായിരുന്നു വാഗ്ദാനം. 2017 ഏപ്രില്‍ 23ന് കൊടനാടെത്തിയ പത്തംഗസംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിട്ടു. നാലുപേര്‍ ഉള്ളില്‍കടന്നു. രണ്ടായിരം കോടി പണം എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ഥ ലക്ഷ്യം രേഖകളായിരുന്നു. അഞ്ചു കോടി രൂപയ്ക്കാണ് കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷന്‍ നല്‍കിയത്. ഒന്നാംപ്രതി കനകരാജ് കൊല്ലപ്പെട്ടതോടെ ക്വട്ടേഷന്‍ തുക ലഭിച്ചില്ലെന്നാണ് സയനും വാളയാര്‍ മനോജും പറയുന്നത്.
എടപ്പാടി പളനിസാമിക്ക് വേണ്ടിയായിരുന്നു രേഖകളെന്ന് കനകരാജ് തന്നോടു പറഞ്ഞത്. 2017 ഏപ്രില്‍ 23 നു രാത്രി കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരന്‍ ഓം ബഹദൂര്‍ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടര്‍മരണങ്ങള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഏപ്രില്‍ 28ന് സേലത്തുണ്ടായ വാഹനാപകടത്തില്‍ കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും ഭാര്യയും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ വച്ച് ലോറിക്ക് പിന്നിലിടിച്ചു. ഭാര്യ വിനുപ്രിയയും അഞ്ചുവയസ്സുകാരി മകള്‍ നീതുവും മരിച്ചു. പരുക്കുകളോടെ സയന്‍ രക്ഷപെട്ടു. പിന്നാലെ എസ്റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശ് കുമാറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവര്‍ന്ന രേഖകളുടെ ബലത്തിലാണ് പളനിസാമി മുഖ്യമന്ത്രിയായി തുടരുന്നതെന്നും ഇവര്‍ പറയുന്നു.
Discussion about this post