മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം കണ്‍വെന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മന്ത്രി അറിയിച്ചു. ഗുജറാത്താണ് മോഹന്‍ദാസ് കരംചന്ത് ഗാന്ധിയെ നമുക്ക് തന്നതെന്നും ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് മഹാത്മയെ നമുക്ക് തന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഗുജറാത്തില്‍ നടക്കുന്നു വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ (വി.ജി.ജി.എസ്) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോടൊപ്പം സുഷമാ സ്വരാജ് വി.ജി.എസ്.എസിലെ ആദ്യത്തെ ആഫ്രിക്കാ ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ 6 മന്ത്രിമാരും മറ്റ് സെക്രട്ടറിമാരുമുണ്ടായിരുന്നു.
ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ 62.66 ബില്ല്യണ്‍ ഡോളര്‍ വ്യാപാരം 2017-2018 വര്‍ഷത്തില്‍ നടന്നുവെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം അധികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ ഇടയില്‍ മൂന്നാം സ്ഥാനത്താണ്. വാര്‍ത്താവിനിമയ മേഖല, ജലവൈദ്യുത പദ്ധതികള്‍, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യ കയറ്റുമതി നടത്തുന്നുണ്ട്. മറ്റ് മേഖലകളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം,’ സുഷമാ സ്വരാജ് പറഞ്ഞു.
ഇത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 29 തവണ ആഫ്രിക്കയില്‍ സന്ദര്‍ശനം നടത്തിയെന്നും ഇന്തോ-ആഫ്രിക്ക സമ്മേളനത്തില്‍ ആഫ്രിക്കന്‍ സര്‍ക്കാരുകളിലെ 41 തലവന്മാര്‍ പങ്കെടുത്തുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.
Discussion about this post