ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലെ പ്രശസ്തമായ ഈ മുദ്രാവാക്യവുമായാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്തെ പ്രതിരോധമന്ത്രിയും ഇപ്പോള്‍ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍, ഗോവയിലെ പനാജിയില്‍ നിര്‍മ്മിച്ച 5.1 കിലോമീറ്റര്‍ നീളമുള്ള പാലം ഉത്ഘാടനം ചെയ്യാനെത്തിയപ്പോള്‍ അവിടെക്കൂടിയിരുന്ന വന്‍ ജനാവലിയെ അഭിസംബോധന ചെയ്തത്. വലിയ കരഘോഷത്തോടെ ആ ചോദ്യം ജനങ്ങള്‍ സ്വീകരിച്ചു.
പാനാജിയിലെ ഈ പാലത്തിന് അടല്‍ സേതു എന്നാണ് പേരിട്ടിരിയ്ക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണയ്ക്കാണ് പാലത്തിന് അടല്‍ സേതുവെന്ന് നാമകരണം ചെയ്തത്. 850 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ പാലം കേന്ദ്ര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ആണ് ഉത്ഘാടാനം ചെയ്തത്. അതീവ വേഗതയിലാണ് ഈ പാലത്തിന്റെ പണി പൂര്‍ത്തിയായത്. മനോഹര്‍ പരീക്കറീന്റെ സ്വപ്ന പദ്ധതിയായിരുന്നു അടല്‍ സേതു. മണ്ഡോവി നദിയ്ക്ക് കുറുകേയുള്ള ഈ പാലം. എണ്‍പത്തിയെട്ട് ഹൈ ടെന്‍സൈല്‍ സ്‌ട്രെന്ത് കേബിളുകളില്‍ നില്‍ക്കുന്ന ഈ പാലത്തില്‍ രണ്ട് ദിവസത്തിനകം ഗതാകതം ആരംഭിയ്ക്കും
പാന്‍ക്രിയാസിലെ കാന്‍സര്‍ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്ന മനോഹര്‍ പരീക്കര്‍ കുറേക്കാലങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു പൊതുചടങ്ങില്‍ സംസാരിയ്ക്കുന്നത്. ധനാത്മകമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയും ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തി ഏത് പ്രതിസന്ധിയേയും അതിജീവിയ്ക്കുന്നതിനെപ്പറ്റിയുമാണ് അദ്ദേഹം പറഞ്ഞത്.
ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് തന്റെ ഹീറോ എന്ന് പരീക്കര്‍ പറഞ്ഞു. അമേരിയ്ക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ ഒരു പ്രസംഗശകലം ഓര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അവിടത്തെ റോഡുകള്‍ നല്ലതായിരിയ്ക്കുന്നതെന്നും റോഡൂകള്‍ നന്നായതുകൊണ്ടാണ് അമേരിക്ക സമ്പന്നമായിരിയ്ക്കുന്നതെന്നുമാണ് കെന്നഡി പ്രസംഗിച്ചത്. ഈ വാചകങ്ങള്‍ തന്നെ സ്വാധീനിച്ചെന്നും നല്ല ഗതാഗതസംവിധാനങ്ങള്‍ രാഷ്ട്രത്തിന്റെ പുരോഗതിയ്ക്ക് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിക്കുന്ന വാചകങ്ങളാണിവ എനും പരീക്കര്‍ പറഞ്ഞു.
അഞ്ചുകൊല്ലം കൊണ്ട് പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാനായത് വന്‍ വിജയമാണെന്ന് പരീക്കര്‍ പറഞ്ഞു. എല്ലാത്തിനേയും എതിര്‍ക്കുന്ന മോശം സ്വഭാവം വളാര്‍ന്നുവരുന്നുണ്ട്. അത് ഇല്ലാതാകണം. എപോഴും പോസിറ്റീവ് ആയിരിയ്ക്കണമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം ഇത്രയും വലിയ സ്ഥാനത്തിരുന്നിട്ട് തന്നെ തന്റെ രോഗം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചില്ലെന്ന് മാത്രമല്ല, രോഗാവസ്ഥ കാണിയ്ക്കുന്ന രീതിയില്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനും അദ്ദേഹത്തിനൊരു മടിയുമുണ്ടായില്ല. കാന്‍സര്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് വലിയ പ്രചോദനമായിരുന്നു പരീക്കറുടെ ഈ ആത്മവിശ്വാസം. കാന്‍സര്‍ ചികിത്സ തേടുന്നതിനിടെ തന്നെ ഭക്ഷണം കഴിയ്ക്കാനുള്ള കുഴലും മൂക്കിലൂടെ ഇട്ട് പരസ്യമായിത്തന്നെ തന്റെ രോഗത്തെപ്പറ്റി ഒന്നും ഒളിച്ചുവയ്ക്കാതെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും തന്റെ ജോലി ഈ രോഗകാലത്തും ഒരു വ്യത്യാസവുമില്ലാതെ തുടരുകയും ചെയ്യുന്നത് വലിയ ഒരു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
ശുഭാപ്തിവിശ്വാസവും പോസിറ്റീവ് ആയ ചിന്തകളും കൊണ്ട് ഏത് രോഗാവസ്ഥയിലും സന്തോഷവാനായിരിയ്ക്കാമെന്നും തന്റെ ജീവിതം രോഗത്തിനനുഗുണമായി ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയും വേണ്ട ചികിത്സകളെടുത്തും ഒരു കുഴപ്പവുമില്ലാതെ തുടരാമെന്നും ഉള്ള വലിയ സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.
Discussion about this post