കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ ഭരണം വീണ്ടും കൈയ്യടക്കി ഇടത് യൂണിയനുകള്‍. ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് ഇല്ലാതാക്കിയിട്ടുണ്ട്. തച്ചങ്കരി പോയതോടെ ഇടത് യൂണിയനുകളുടെ നല്ല കാലം തിരിച്ച് വന്നതായി പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ട്. ഇതിന്റെ ഭാഗമായി മാസവരി പിരിവ് വീണ്ടും ഊര്‍ജിതമാക്കിയിട്ടുണ്ട്. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
തച്ചങ്കരിയുടെ കാലത്ത് പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നല്‍കുന്ന ജീവനക്കാരുടെ എണ്ണം 22,000-ല്‍നിന്ന് 15,000 ആയി കുറഞ്ഞിരുന്നു. കൂടാതെ നേതാക്കന്മാര്‍ക്ക് ശാരീരകാധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്ന രീതിയും അവസാനിപ്പിച്ചിരുന്നു. നേതാക്കളെ തന്നെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തച്ചങ്കരി പോയതിന് പിറകെ അധിക ഡ്യൂട്ടിയും ഇടത് സംഘടനകള്‍ ബഹിഷ്‌കരിച്ചു.
ഇന്ന് ഡ്രൈവര്‍ കം കണ്ടക്ടറായി ഡ്യൂട്ടിക്ക് വന്ന ജീവനക്കാരനെ യൂണിയന്‍ ഇടപെട്ട് ഇറക്കി വിട്ടു. തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷനിലാണ് സംഭവം. അപകടങ്ങള്‍ കുറയാന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിഷ്‌കാരം കൊണ്ടുവന്നത്.
Discussion about this post