തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് എംഎല്‍എ. സര്‍ക്കാരിന്റെ നടപടികളുടെ നേട്ടം കിട്ടിയത് ബി.ജെ.പിക്കാണെന്നും സതീശന് പറഞ്ഞു. വര്ഗീയതയുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടയ്ക്ക് വെള്ളവും വളവും കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പുറകേ പോകരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം ഒരു മലയാള പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു
സ്ത്രീ സമത്വം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വം. താനും ഇതേ നിലപാടുകാരനാണെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ട്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടല്ല തനിക്കുള്ളതെന്നും സതീശന് പറഞ്ഞു.. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് തന്റെ ആഗ്രഹം. ഇതിന് സമാനമായ അഭിപ്രായമുള്ള ഒരുപാട് പേര് ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ച ചെയ്ത ശേഷമാണ് ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് പറഞ്ഞത്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാന്‍ അനുവദിച്ചു. ബി.ജെ.പി ഈ വിഷയം ആളിക്കത്തിക്കുമെന്ന കാര്യം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post